crime

ഹരിപ്പാട് : രണ്ടാഴ്ച മുമ്പ് കാണാതായ വിമുക്ത ഭടനെ ആൾത്താമസമില്ലാത്ത വീടിന്റെ പിന്നിലെ പറമ്പിൽ കൊന്നു കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. പള്ളിപ്പാട് നീണ്ടൂർ മുറിയിൽ കൊണ്ടരേത്ത് പടീറ്റതിൽ രാജനാണ് (75) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പള്ളിപ്പാട് തെക്കേക്കര കിഴക്കുംമുറി അമ്പിയിൽ വീട്ടിൽ ശ്രീകാന്ത് (26), നീണ്ടൂർ കൊണ്ടൂരേത്ത് രാജേഷ് (36), അയൽവാസിയായ കൊണ്ടൂരേത്ത് വിഷ്ണു (23) എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സി.സി ടിവി ദൃശ്യങ്ങളാണ് അന്വേഷണത്തിൽ നിർണായകമായത്. സാമ്പത്തിക ഇടപാടുകളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.

രാജൻ കൊല്ലപ്പെട്ടെന്നറിഞ്ഞ് നാട് ഞെട്ടി

കാണാതായ രാജൻ കൊല്ലപ്പെട്ടെന്ന വാർത്ത പള്ളിപ്പാട് ഗ്രാമം അറിയുന്നത് ഇന്നലെ രാവിലെ 10.30 ഓടെയാണ്. കുഴിച്ചിട്ടിടത്തു നിന്ന് മൃതദേഹം പുറത്തെടുക്കുന്നതിനായി പ്രതികളെ കൊണ്ടു വരുമെന്ന് വിവരം കിട്ടിയെങ്കിലും കൂടുതലൊന്നും നാട്ടുകാർ അറിഞ്ഞിരുന്നില്ല. എവിടെയാണ് പ്രതികളെ കൊണ്ടുവരുന്നതെന്നും അറിഞ്ഞില്ല.

crime

നാട്ടുകാർ പ്രതികളെ കാണാൻ പാലങ്ങളും തോടുകളും കേന്ദ്രീകരിച്ച് തമ്പടിച്ചു. എന്നാൽ ഉച്ചയ്ക്ക് 12 മണിയോടെയാണ് കുരീക്കാട് ജംഗ്ഷന് സമീപത്താണ് പ്രതികളെ കൊണ്ടുവരുന്നതെന്ന് മാദ്ധ്യമപ്രവർത്തകർ ഉൾപ്പടെഅറിയുന്നത്. 12.30 ഓടെ പ്രതി ശ്രീകാന്തുമായി ഒൻപത് പൊലീസ് വാഹനങ്ങളും ഫോറൻസിക് വിദഗ്ദ്ധരുടെ വാഹനങ്ങളും എത്തി. അപ്പോഴാണ് അയൽവീട്ടുകാർ പോലും സംഭവം അറിയുന്നത്. പാടത്തിലൂടെ നടന്ന വഴിയും മൃതദേഹം പറമ്പിലേക്ക് എടുത്തിട്ട സ്ഥലവുമെല്ലാം പ്രതി ശ്രീകാന്ത് പൊലീസിന് വിവരിച്ച് കൊടുത്തു. തുടർന്ന് പൊലീസിന്റെ നേതൃത്വത്തിൽ മൃതദേഹം പുറത്തെടുത്തു. അഴുകി ദുർഗന്ധം വമിക്കുന്ന നിലയിലായിരുന്ന മൃതദേഹം ഇൻക്വസ്റ്റിന് ശേഷം മോർച്ചറിയിലേക്ക് മാറ്റി. വേണ്ടി വന്നാൽ റീ പോസ്റ്റുമോർട്ടവും ഡി.എൻ.എ പരിശോധനയും നടത്തുമെന്ന് പൊലീസ് പറഞ്ഞു.

crime

ആസൂത്രണം ഒരാഴ്ച മുമ്പേ, മൃതദേഹം ഒളിപ്പിച്ചത് 'ദൃശ്യം' സിനിമ മോഡലിൽ

വണ്ടി ഇടിച്ച് കൊല്ലാനും ക്വട്ടേഷൻ നൽകി കൊലപ്പെടുത്താനും പദ്ധതി തയ്യാറാക്കിയെങ്കിലും പ്രായോഗികമായില്ല. തുടർന്നാണ് കാറിൽ തട്ടിക്കൊണ്ടുപോയി ക്ലാറോഫാം മണിപ്പിച്ചശേഷം കൊലപ്പെടുത്താൻ തീരുമാനിച്ചത്. എന്നാൽ കാറിൽ വച്ച് രാജനെ ക്‌ളോറോഫാം മണപ്പിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് കഴുത്തിൽ വയർ മുറുക്കി കൊലപ്പെടുത്തിയ ശേഷം മൃതദേഹം കാറിന്റെ മുന്നിലെ സീറ്റ് പിന്നിലേക്ക് ചായ്ച്ച് ബെൽറ്റിട്ട് കിടത്തി. രാത്രിയോടെ രാജേഷിന്റെ വീടിന് സമീപം കാർ എത്തിച്ച് സീറ്റുകളുടെ ഇടയിലായി കോട്ടും ഷീറ്റും ഉപയോഗിച്ച് മൃതദേഹം ഒളിപ്പിച്ചു. രാത്രിയോടെ മൃതദേഹവുമായി കുരീക്കാട് ജംഗ്ഷന് സമീപത്ത് എത്തി. ഇവിടെയുള്ള പാടത്ത് മൃതദേഹം കുഴിച്ച് മൂടാനായാണ് നേരത്തേ പ്ലാൻ ചെയ്തിരുന്നതെങ്കിലും മഴ പെയ്ത് വെള്ളം കയറി മൃതദേഹം പുറത്ത് വരുമെന്ന ഭയത്താൽ അത് ഉപേക്ഷിച്ചു. തുടർന്നാണ് പാടത്തിന് സമീപം ആൾ താമസമില്ലാത്ത മതിൽകെട്ടുള്ള വീട് തിരഞ്ഞെടുത്തത്. മൃതദേഹം പാടത്തുകൂടി കൊണ്ടുപോയി മതിലിന് മുകളിൽ കൂടി പറമ്പിലേക്കിട്ടു. തുടർന്ന് കുഴിയെടുത്ത് മൂടി. മുകളിലായി ഹോളോബ്രിക്സും വച്ചു. ഈ ഭാഗത്ത് നിരത്താനായി ഗ്രാവലും ഇറക്കിയിരുന്നു. ഗ്രാവൽ നിരത്തുന്നതോടെ 'ദൃശ്യം' സിനിമയിലെ പോലെ അന്വേഷണം എങ്ങും എത്തില്ലെന്ന ചിന്തയിലാണ് ഇങ്ങനെ നീങ്ങിയത്. കൊലപാതകദിവസം പണം നൽകാമെന്ന് പറഞ്ഞ് രാജനെ വിളിച്ച ശേഷം രാജേഷ് ഫോൺ വീട്ടിൽ വച്ചിട്ടാണ് കാറിൽ പുറപ്പെട്ടത്. ഫോൺ നെറ്റ് വർക്ക് കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ നിന്ന് രക്ഷപ്പെനായിരുന്നു ഇത്. വിഷ്ണുവിന്റെ ഫോണിൽ നിന്നായിരുന്നു പിന്നീടുള്ള വിളികൾ.

crime

അച്ഛനെപ്പോലെ കണ്ടു, ജീവനുമെടുത്തു

കൊല്ലപ്പെട്ട രാജന്റെ സഹയാത്രികനായിരുന്നു രണ്ടാം പ്രതി രാജേഷ്. രാജനെ രാജേഷ് 'അച്ഛാ' എന്നാണ് വിളിച്ചിരുന്നത്. രാജന് എവിടെ പോകണമെങ്കിലും ബൈക്കുമായി രാജേഷ് ഒപ്പമുണ്ടാകും. രാജന്റെ അവസാന യാത്രയിലും സാരഥി രാജേഷായിരുന്നു. പലിശയ്ക്ക് നൽകിയ പണം പിരിച്ചെടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് രാജേഷ് രാജനെ കാറിൽ കയറ്റിയത്. രാജനെ കാണാനില്ലെന്ന് പരാതിയുമായി ബന്ധു പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോഴും രാജേഷ് ഒപ്പമുണ്ടായിരുന്നു. ആദ്യഘട്ട അന്വേഷണത്തിൽ പൊലീസിനെ സഹായിക്കാനും രാജേഷാണ് മുന്നിൽ നിന്നത്. പള്ളിപ്പാട് പ്രദേശത്ത് രാജന്റെ തരോധാനം വാർത്തയായപ്പോഴും എല്ലാവരും പറഞ്ഞത് രാജേഷിനോട് അന്വേഷിച്ചാൽ അറിയാമെന്നായിരുന്നു. രാജൻ ഈട് വാങ്ങാതെ പണം കടം നൽകിയിരുന്നത് രാജേഷിന് മാത്രമായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ഈ അടുപ്പത്തിന്റെ പുറത്താണ് രാജേഷിന്റെ ഇടനിലയിൽ നിരവധി പേർക്ക് പണം നൽകിയത്. രാജൻ പൊതുവേ കണിശക്കാരനായതിനാലും ആരോടും അടുപ്പം ഇല്ലാതിരുന്നതിനാലും പരാതിയുമായി ആരും എത്തില്ലെന്ന് കരുതിയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. ചിറയിൻകീഴും പള്ളിപ്പാട്ടും വീടുകൾ ഉള്ളതിനാൽ ബന്ധുക്കൾ അന്വേഷിക്കില്ലെന്നും ഇവർ കരുതി. എന്നാൽ കണക്കുകൂട്ടലുകൾ തെറ്റിച്ചാണ് രാജന്റെ സഹാദരിയുടെ മകൻ പരാതിയുമായി എത്തിയത്. രാജനൊപ്പം രാജേഷ് ചിറയൻകീഴിലും ചെന്നിട്ടുള്ളതായി ബന്ധുക്കൾ പറഞ്ഞു. രാജേഷ് പുതിയതായി നിർമ്മിച്ച വീടിന്റെ പാലുകാച്ചൽ കഴിഞ്ഞ ദിവസമാണ് നടന്നത്. രാജേഷിനും ശ്രീകാന്തിനും നേരിട്ടും ഇവരുടെ ഇടനിലയിൽ മറ്റുള്ളവർക്കുമായി 20 ലക്ഷത്തോളം രൂപ രാജൻ നൽകിയിട്ടുണ്ടെന്നാണ് ബന്ധുക്കൾ പറയുന്നത്.