തിരുവനന്തപുരം: കാസർകോട്, കണ്ണൂർ മണ്ഡലങ്ങളിൽ വ്യാപക രീതിയിലുള്ള കള്ളവോട്ട് നടന്നുവെന്ന് യു.ഡി.എഫും ചെയ്‌തത് ഓപ്പൺ വോട്ടാണെന്ന് സി.പി.എമ്മും അവകാശപ്പെട്ടതോടെ എല്ലാവരുടെയും ചോദ്യം എന്താണ് ഓപ്പൺ വോട്ടെന്നാണ്. ഈ സാഹചര്യത്തിലാണ് സാങ്കേതികമായി നിലവിലില്ലാത്ത ഓപ്പൺ വോട്ട് സംവിധാനത്തെക്കുറിച്ച് സുപ്രീം കോടതിയിലെ അഭിഭാഷകനായ ശ്രീജിത്ത് പെരുമനയുടെ ഫേസ്ബുക്ക് കുറിപ്പ് ചർച്ചയാകുന്നത്.
പോസ്‌റ്റ് ഇങ്ങനെ
🤔ഓപ്പൺ വോട്ട് എന്നൊരു വോട്ടുണ്ടോ ?
👉ഇല്ല ! സാങ്കേതികമായി അങ്ങനൊരു വോട്ട് രീതി ജന പ്രാധിനിത്യ നിയമത്തിലോ, 1961 ലെ തിരഞ്ഞെടുപ്പ് റൂൾസിലോ ഇല്ല എന്നതാണ് യാഥാർഥ്യം.
🤔അങ്ങനെയെങ്കിൽ എന്തിനെയാണ് നമ്മൾ ഓപ്പൺ വോട്ട് എന്ന് വിളിക്കുന്നത് ?
👉1961 ലെ കണ്ടക്റ്റ് ഓഫ് ഇലക്ഷൻ റൂൾസ് (സ്റ്റാറ്റ്യുട്ടറി റൂൾസ് ആൻഡ് ഓർഡർ) വകുപ്പ് 49N പ്രകാരം അന്ധതയോ മറ്റ് ശാരീരികാവശതകളോ ഉള്ളതിനാൽ ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രത്തിലെ അഥവാ ബാലറ്റ് യൂണിറ്റിലെ ചിഹ്നം തിരിച്ചറിയുന്നതിനോ പരസഹായം കൂടാതെ വോട്ട് രേഖപ്പെടുത്തുന്നതിനോ സാധിക്കാത്തവര്‍ക്ക് 18 വയസ്സില്‍കുറയാത്ത പ്രായമുള്ള ഒരു വ്യക്തിയെ വോട്ട് രേഖപ്പെടുത്താന്‍കൂടെ കൊണ്ടു പോകാം. സഹായിയായി പോകുന്നയാള്‍ മറ്റൊരു സമ്മതിദായകന്റെ സഹായിയായി ഒരു പോളിംഗ് സ്റ്റേഷനിലും പ്രവര്‍ത്തിച്ചിട്ടില്ലെന്നും സമ്മതിദായകനുവേണ്ടി താന്‍രേഖപ്പെടുത്തിയ വോട്ടിന്റെ രഹസ്യസ്വഭാവം കാത്ത് സൂക്ഷിച്ചുകോള്ളാമെന്നും രേഖാമൂലം പ്രിസൈഡിങ് ഓഫീസർക്ക് ഉറപ്പ് നല്‍കണം. സ്ഥാനാര്‍ത്ഥികള്‍ക്കോ തെരഞ്ഞെടുപ്പ് ഏജന്റിനോ ഏതെങ്കിലും ഒരു സമ്മതിദായകന്റെ സഹായിയായി പ്രവര്‍ത്തിക്കാം. എന്നാല്‍ പ്രസൈഡിംഗ് ഓഫീസറോ മറ്റേതെങ്കിലും പോളിംഗ് ഓഫീസറോ സമ്മതിദായകരുടെ സഹായിയാകാന്‍ പാടില്ല. ഇത്തരത്തിൽ രേഖപ്പെടുത്തുന്ന വോട്ടിന്റ ലിസ്റ്റുകൾ പ്രിസൈഡിങ് ഓഫീസർ ഫോം 14A യിൽ പ്രത്യേകമായി സൂക്ഷിക്കേണ്ടതാണ്. മേൽപറഞ്ഞ സാഹചര്യത്തെയാണ് നമ്മൾ ഓപ്പൺ വോട്ട് എന്ന് പൊതുവിൽ വിളിക്കുന്നത്. 🤔ഓപ്പൺ വോട്ട് നിയമപരമല്ലേ ? 👉തീർച്ചയായും ആണ്. റൂൾ 49N (1) ൽ പറഞ്ഞതുപോലെ പ്രിസൈഡിങ് ഓഫീസറുടെ അനുമതിനുയോടെ വോട്ടു ചെയ്യുകയും പോളിങ് സ്റ്റേഷനിലുള്ള പോളിങ് ഏജന്റുമാർ ആ സമയം വോട്ട് ചലഞ്ച് ചെയ്യുകയും ചെയ്തില്ല എങ്കിൽ പിന്നീട് ഫോം 14A യിൽ പ്രിസൈഡിങ് ഓഫീസർ അതു രേഖപ്പെടുത്തുകയും ചെയ്താൽ ഓപ്പൺ വോട്ട് നിയമാനുസൃതവും പിന്നീട് ചലഞ്ച് ചെയ്യാൻ പറ്റാത്തതുമാണ്. 🤔അങ്ങനെയെങ്കിൽ ഇപ്പോൾ ഉയർന്നുവന്നിട്ടുള്ള കള്ളവോട്ട് വിവാദങ്ങളോ ? 👉ഇപ്പോൾ ഉയർന്നുവന്നിട്ടുള്ള കള്ളവോട്ട് വിവാദങ്ങളിൽ രേഖകൾ പരിശോധിക്കുമ്പോൾ പ്രിസൈഡിങ് ഓഫീസറുടെ അനുമതിയോടെ റൂൾ 49N പ്രകാരം ചെയ്ത് ഫോം 14A യിൽ രേഖപ്പെടുത്തിയ ഓപ്പൺ വോട്ട് ആണെങ്കിൽ പരാതികളിൽ കഴമ്പില്ല എന്നു കണ്ടെത്തി അത്തരം പരാതികൾ ഇലക്ഷൻ കമ്മീഷൻ തള്ളും. ഇത്തരം വോട്ടുകൾ ചെയ്യുന്നതിൽ എല്ലാപർട്ടിക്കാരും ചില കുതന്ത്രങ്ങൾ പ്രയോഗിക്കാറുണ്ട് എന്നതും യാഥാർഥ്യമാണ്. ഓരോ തെരഞ്ഞെടുപ്പു കഴിയുമ്പോഴും ഓപ്പണ്‍ വോട്ട് വിവാദമാകാറുണ്ടെങ്കിലും ഫലം വന്നാല്‍ പിന്നെ ഇവയെല്ലാം ജയിച്ചവരും തോറ്റവരും മറക്കാറാണ് പതിവ്. 🤔അപ്പോൾ ഓപ്പൺ വോട്ട് എന്നു വിളിക്കുന്ന ഈ രീതി കള്ളവോട്ട് അല്ല അല്ലേ? 👉തീർച്ചയായും അല്ല. പലപ്പോഴും സഹായിയായി വരുന്നവരുടെ രാഷ്ട്രീയതിനനുസരിച്ചാണ് വോട്ട് രേഖപ്പെടുത്താറുള്ളത് എന്നതൊക്കെ പരസ്യമായിട്ടുള്ള രഹസ്യമാണ് എന്നിരിക്കെ. പ്രിസൈഡിങ് ഓഫീസർക്ക് മുൻപാകെ സത്യപ്രതിജ്ഞ ചെയ്ത്, വോട്ട് ചെയ്യുമ്പോൾ ഏതെങ്കിലും പോളിംഗ് ഏജന്റ് പരാതിപ്പെട്ടില്ലെങ്കിൽ അതു ഒരു സാധുതയുള്ള കൃത്യമായ വോട്ടാണ്. പിന്നീട് കള്ളവോട്ട് എന്ന് അലമുറയിടുന്നത് കാലങ്ങളായി നടക്കുന്ന രാഷ്ട്രീയ നാടകങ്ങളുടെ തുടർച്ച മാത്രമാണ്.