raid

കാസർക്കോട്: ശ്രീലങ്കയിലെ സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് കാസർകോട്ടും പാലക്കാട്ടും എൻ.ഐ.എ റെയ്ഡ് നടത്തി. വിദ്യാനഗർ സ്വദേശികളായ അബൂബക്കർ സിദ്ദിഖ്, അഹമ്മദ് അറാഫത്ത് എന്നിവരുടെ വീടുകളിലാണ് എൻ.ഐ.എ റെയ്ഡ് നടത്തിയത്. ഇവരുടെ മൊബെെൽഫോണുകൾ പിടിച്ചെടുത്തു. ഇവർക്ക് സ്‌ഫോടനത്തിൽ പങ്കുള്ളതായി സംശയിക്കുന്നതായാണ് റിപ്പോർട്ട്. കൂടുതൽ ചോദ്യംചെയ്യലിനായി നാളെ കൊച്ചിയിലെത്താൻ നോട്ടീസ് നൽകി. ഇന്ന് രാവിലെയാണ് കൊച്ചിയിലെ എൻ.ഐ.എ സംഘം റെയ്ഡ് നടത്തിയത്. നേരത്തെ സ്ഫോടനം നടത്തിയവർക്ക് കേരളവുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

ശ്രീലങ്കയിൽ സ്‌ഫോടനം നടത്തിയ ചാവേർ സഹ്രാൻ ഹാഷിമിന്റെ ആശയങ്ങളിൽ ആകൃഷ്ടരായിരുന്നു ഇരുവരുമെന്നാണ് ലഭ്യമാകുന്ന വിവരം. കൊല്ലപ്പെട്ട സഹ്രാൻ ഹാഷിമുമായി ഇവർക്ക് നേരിട്ട് ബന്ധമുണ്ടായിരുന്നോ എന്ന് കണ്ടെത്തുന്നതിനായാണ് റെയ്ഡ് നടത്തിയത്. ഇക്കഴിഞ്ഞ ഈസ്​റ്റർ ദിനത്തിലാണ്​ ശ്രീലങ്കയിലെ പള്ളികളിലും ഹോട്ടലുകളിലും ചാവേറാക്രമണമുണ്ടായത്​.