pinarayi-vijayan

മലപ്പുറം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പൊന്നാനി മണ്ഡലത്തിലെ ഇടത് മുന്നണി സ്ഥാനാർത്ഥി പി.വി.അൻവർ 35000 വോട്ടിന് പരാജയപ്പെടുമെന്ന് സി.പി.എം മലപ്പുറം ജില്ലാ കമ്മിറ്റി റിപ്പോർട്ട് നൽകിയതായി വിവരം. എന്നാൽ തൃത്താല, തവനൂർ, പൊന്നാനി എന്നീ നിയോജക മണ്ഡലങ്ങളിൽ അൻവറിന് ഭൂരിപക്ഷം ലഭിക്കുമെന്നും സംസ്ഥാന കമ്മിറ്റിക്ക് നൽകിയ കണക്കിൽ വ്യക്തമാക്കിയതായി ഒരു സ്വകാര്യ ചാനൽ റിപ്പോർട്ട് ചെയ്യുന്നു. മലപ്പുറം മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി പി.കെ.കുഞ്ഞാലിക്കുട്ടി 1,68,000 വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കുമെന്നും റിപ്പോർട്ടിൽ തുടരുന്നു.

വോട്ടെടുപ്പ് ദിവസവും അതിന് ശേഷവും ബൂത്ത് കമ്മിറ്റികളിൽ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സി.പി.എം കണക്ക് തയ്യാറാക്കിയിരിക്കുന്നത്. പി.വി.അൻവറിന് മൂന്ന് മണ്ഡലങ്ങളിൽ ഭൂരിപക്ഷം ലഭിക്കുമെങ്കിലും ചിലയിടത്ത് മുസ്‌ലിം ലീഗിനും കോൺഗ്രസിനുമുള്ള സ്വാധീനം വിജയത്തിന് വിലങ്ങുതടിയാകും. പൊന്നാനിയിൽ 11000 വോട്ടിന്റെയും മന്ത്രി കെ.ടി.ജലീലിന്റെ തവനൂരിൽ 5000 വോട്ടിന്റെയും തൃത്താലയിൽ 4000 വോട്ടിന്റെയും ഭൂരിപക്ഷം പ്രതീക്ഷിക്കുന്നു. എന്നാൽ ബാക്കി നാല് മണ്ഡലങ്ങളിൽ ഇ.ടി.മുഹമ്മദ് ബഷീർ ഭൂരിപക്ഷം നേടും.

തിരൂരങ്ങാടിയിൽ ഇ.ടിക്ക് 22000 വോട്ടാണ് സി.പി.എം പ്രതീക്ഷിക്കുന്ന ലീഡ്. കോട്ടക്കലിൽ 15000, തിരൂരിൽ 12000, താനൂരിൽ 6000 വോട്ടുകളുടെ ലീഡും ഇ.ടിക്കുണ്ടാകുമെന്നാണ് കണക്ക്. എന്നാൽ ഇ.ടി ലീഡ് നേടുമെന്ന് സി.പി.എം പറയുന്ന താനൂരിലും, തിരൂരിലും ഭൂരിപക്ഷം നേടുമെന്നാണ് പി.വി അൻവറിന്റെ കണക്ക്. സംസ്ഥാനത്ത് 18 സീറ്റിൽ ഇടത് മുന്നണി ജയിക്കുമെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ അവകാശവാദത്തെ ഖണ്ഡിക്കുന്നത് കൂടിയാണ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ റിപ്പോർട്ടെന്നും രാഷ്ട്രീയ നിരീക്ഷകന്മാർ വിലയിരുത്തുന്നു.