കണ്ണൂർ: പയ്യാമ്പലം ബീച്ചിൽ യുവതിക്കു നേരെ സദാചാര ആക്രമണം. യുവതിയും സുഹൃത്തും സംസാരിച്ചിരിക്കുന്നതിനിടെയാണ് ആക്രമണം നടന്നത്. കമന്റടി ചോദ്യം ചെയ്‌ത യുവതിയെ മർദ്ദിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് ചിറക്കൽ പുതിയതെരു ആശാരി കമ്പനി സ്വദേശി മുക്കണ്ണൻഹൗസിൽ നവാസ് (36), പാപ്പിനിശ്ശേരി എം.എം ആശുപത്രിക്ക് സമീപത്തെ കെ.മുഹമ്മദ് അലി എന്നിവരെ പൊലീസ് പിടികൂടി. ശനിയാഴ്ച വൈകുന്നേരം നാലരയോടെ ആയിരുന്നു സംഭവം.
പള്ളിക്കുന്ന് സ്വദേശിനിയായ 21കാരി യുവതി ബീച്ചിൽ തന്റെ പുരുഷ സുഹൃത്തുമായി സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇതിനിടയിൽ ബൈക്കിലെത്തിയ പ്രതികൾ ഇരുവരെയും ആക്രമിക്കുകയായിരുന്നു. അക്രമികളുടെ കൈയേറ്റത്തിൽ യുവതിക്ക് പരിക്കേറ്റു. അക്രമത്തിൽ ഇടതുകൈയിൽ രണ്ട് പൊട്ടലുകളേറ്റ നിലയിൽ യുവതിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് യുവതി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ അക്രമികൾ സഞ്ചരിച്ച ബൈക്ക് കണ്ടെത്തുകയായിരുന്നു.
പാപ്പിനിശ്ശേരി സ്വദേശിയുടേത് ആയിരുന്നു ബൈക്ക്. ഇയാൾ മുഹമ്മദലിക്ക് നൽകിയതായിരുന്നു. ബൈക്ക് ഉടമയിൽ നിന്ന് മുഹമ്മദ് അലിയുടെ ഫോൺ നമ്പർ വാങ്ങിയ പൊലീസ് സൈബർ പൊലീസിന്റെ സഹായത്തോടെ കണ്ണൂരിലെ ഒരു ലോഡ്ജിൽ നിന്ന് പ്രതികളെ കണ്ടെത്തുകയായിരുന്നു. രണ്ടുദിവസം മുമ്പായിരുന്നു മുഹമ്മദ് അലി അബുദാബിയിൽ നിന്ന് വീട്ടിലെത്തിയത്.