കൊളംബോ : ശ്രീലങ്കയെ നടുക്കിയ ഭീകരാക്രമണത്തിൽ നിന്നും രാജ്യം സാധാരണ നിലയിലേക്ക് മടങ്ങുകയാണ്. പ്രാർത്ഥനാലയങ്ങളിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലുമാണ് ഈസ്റ്റർ ദിനത്തിൽ ഭീകരാക്രമണമുണ്ടായത്. ഐസിസ് ഭീകര സംഘടന ആക്രമണങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്തെങ്കിലും പ്രാദേശിക തീവ്രവാദ സംഘടനകളുടെ പങ്കും സുരക്ഷാ ഏജൻസികൾ പരിശോധിക്കുന്നുണ്ട്. അതേ സമയം ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ മുഖം മറച്ചുള്ള വസ്ത്രം ധരിച്ചുകൊണ്ട് പ്രവേശിക്കരുതെന്ന മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിരിക്കുകയാണ് 'എല്ലാ ഫ്ളവർ ഗാർഡൻ എന്ന റിസോർട്ട്. ശ്രീലങ്കയിലെത്തുന്ന ടൂറിസ്റ്റുകൾ ഏറെ ഇഷ്ടപ്പെടുന്ന ഹോട്ടലാണിത്. മുസ്ലീം വിഭാഗങ്ങൾ ധരിക്കുന്ന ഹിജാബ്, ബുർഖ അടക്കമുള്ള വസ്ത്രങ്ങൾക്കും ഹെൽമറ്റ് അടക്കമുള്ള വസ്തുക്കൾക്കുമാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.
ഹോട്ടലിലെ പ്രവേശന കവാടത്തിലാണ് ഇത്തരത്തിലുള്ള മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. അതേ സമയം ഒരു മതവിഭാഗത്തെ ഒന്നാകെ മോശമായി ചിത്രീകരിക്കാനുള്ള ഹോട്ടലിന്റെ ശ്രമമാണിതെന്നും ഇത് രാജ്യത്തെ മതനിരപേക്ഷതയ്ക്ക് കളങ്കമാണെന്നും ചൂണ്ടിക്കാട്ടി വിമർശനവും ഉയരുന്നുണ്ട്.