chavakkad
ചാവക്കാട് ബീച്ചിൽ അടിഞ്ഞ കൂറ്റൻ തിമിംഗലത്തിന്റെ മൃതദേഹം

തൃശൂർ: ചാവക്കാട് ബീച്ചിൽ കൂറ്റൻ തിമിംഗലത്തിന്റെ മൃതദേഹം കരയ്‌ക്കടിഞ്ഞു. വെള്ളിയാഴ്‌ച അർദ്ധരാത്രിയോടെയാണ് എടക്കഴിയൂർ തെക്കേ മദ്രസയിൽ അഫയൻസ് ബീച്ചിൽ തിരകൾക്കൊപ്പം തിമിംഗലത്തിന്റെ മൃതദേഹവും കരയ്‌ക്കടിഞ്ഞത്. 25 അടി നീളവും 15 അടി വീതിയുമുള്ള കൂറ്റൻ തിമിംഗലത്തിന് ഒരു ടണ്ണോളം ഭാരമുണ്ടെന്നാണ് കരുതുന്നത്.

ബലിയൻ എന്ന വിഭാഗത്തിൽപ്പെട്ട തിമിംഗലമാണ് കരക്കടിഞ്ഞതെന്ന് ഗ്രീൻഹാബിറ്റാറ്റിന്റെ സമുദ്രശാസ്ത്രജ്ഞനായ ഡോ.സുജിത് സുന്ദരം പറഞ്ഞു. കൂട്ടമായി സഞ്ചരിക്കുന്ന ക്രില്ലകളും ഷ്രിപുകളുമാണ് പ്രധാന ഭക്ഷണം. കടലിലെ അപകടത്തിൽപ്പെട്ട് ചത്തതായിരിക്കാം, തിമിംഗലവേട്ട ഇന്ത്യയിൽ നിരോധിച്ചതിനാലാണ് ഇങ്ങനെയൊരു നിഗമനത്തിലെത്താൻ കാരണം. ജഡത്തിന് മൂന്നാഴ്ചയിലേറെ പഴക്കമുണ്ട്. കാറ്റിന്റെ ഗതി കരയിലേക്കായതിനാലാണ് കരക്കടിഞ്ഞതെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. വിവരമറിഞ്ഞ് നിരവധി പേരാണ് കടൽത്തീരത്തെത്തുന്നത്. സംരക്ഷിത ലിസ്റ്റിൽ ഉൾപ്പെട്ട ജീവിയാണ് ബലിയിൻ നിമിംഗലം.