brahmos

ന്യൂഡൽഹി : ഇന്ത്യ റഷ്യ സംയ്കതമായി വികസിപ്പിച്ച ശബ്ദാദിവേഗ മിസൈലായ ബ്രഹ്മോസിന്റെ ആകാശപ്പതിപ്പിന്റെ പരീക്ഷണം വീണ്ടും നടത്താൻ വ്യോമസേന. അടുത്തിടെ തീവ്രവാദികളെ അവരുടെ മണ്ണിൽ ചെന്ന് തച്ചുതകർത്ത ബലാക്കോട്ടുപോലെ ഭാവിയിലുണ്ടായേക്കാവുന്ന ഓപ്പറേഷനുകളിൽ ഉപയോഗിക്കാനാണ് വീണ്ടും ബ്രഹ്മോസിന്റെ വ്യോമപതിപ്പിന്റെ പരീക്ഷണം നടത്തി കൃത്യത വീണ്ടും ഉറപ്പാക്കുന്നത്. റഷ്യൻ നിർമ്മിത സുഖോയ് 30ൽ നിന്നുമാണ് ബ്രഹ്മോസ് തൊടുക്കുന്നത്. ഈ വിമാനത്തിൽ നിന്നും മുൻപും ബ്രഹ്മോസ് മിസൈൽ പരീക്ഷണം നടത്തിയിട്ടുണ്ട്. ആകാശത്തിൽ വിവിധ ഉയരങ്ങളിൽ നിന്നും ലക്ഷ്യസ്ഥാനങ്ങളിലേക്ക് പ്രയോഗിച്ച് മിസൈലിന്റെ കാര്യക്ഷമത ഉറപ്പാക്കുകയാണ് ചെയ്യുന്നത്. അടുത്തവർഷത്തോടെ അൻപതോളം സുഖോയ് വിമാനങ്ങൾ ബ്രഹ്മോസ് ഘടിപ്പിക്കുന്നതരത്തിൽ സംവിധാനമൊരുക്കുവാനും വ്യോമസേന പദ്ധതിയിട്ടിട്ടുണ്ട്.

290 കിലോമീറ്റർ അകലം സഞ്ചരിച്ച് ലക്ഷ്യസ്ഥലങ്ങൾ തകർക്കുവാനുതകുന്നതാണ് യുദ്ധവിമാനങ്ങളിലുപയോഗിക്കുന്ന ബ്രഹ്മോസിന്റെ ആകാശപതിപ്പ്. ഭൂമിയിൽനിന്നും, ജലത്തിൽ നിന്നും തൊടുക്കാവുന്ന ബ്രഹ്മോസ് മിസൈലുകളുടെ പരീക്ഷണം ഇതിനകം പൂർത്തിയായിട്ടുണ്ട്. അന്തർ വാഹിനികളിൽ നിന്നും പ്രയോഗിക്കാവുന്ന മിസൈലിന്റെ പരീക്ഷണവും വിജയകരമായി പൂർത്തീകരിച്ചിരുന്നു.

ബലാക്കോട്ടിൽ മിറാഷ് വിമാനങ്ങളുപയോഗിച്ചായിരുന്നു ഇന്ത്യ ആക്രമണം നടത്തിയത്. ഇവിടെ ശത്രു കേന്ദ്രങ്ങൾ ബോംബിട്ടു തകർക്കുകയാണ് ചെയ്തത്. അതേ സമയം സുഖോയ് വിമാനങ്ങളിൽ ബ്രഹ്മോസ് ഘടിപ്പിക്കുന്നതോടെ വളരെ ഉയരെ നിന്നും ദൂരസ്ഥലങ്ങളിലെ ശത്രികേന്ദ്രങ്ങളെ ലക്ഷ്യമിടാൻ സൈന്യത്തിനാവും.