കള്ളവോട്ടിന്റെ ഇംഗ്ളീഷെന്താ? ബോഗസ് വോട്ട്. ശരി, സമ്മതിച്ചു. പക്ഷേ, ഓപ്പൺ വോട്ടിന്റെ മലയാളമോ? തുറന്ന വോട്ട് എന്നു പറയാൻ വരട്ടെ. ഇന്ത്യൻ ജനപ്രാതിനിധ്യ നിയമമനുസരിച്ച് അങ്ങനെയൊരു സംഗതിയേയില്ല! അപ്പോൾ കണ്ണൂരിലും കാസർകോട്ടും നടന്ന കള്ളവോട്ടിനെക്കുറിച്ച്, അതൊക്കെ ഓപ്പൺ വോട്ട് ആയിരുന്നുവെന്ന് സി.പി.എം പറയുന്നതോ? ചുമ്മാ.
ഉള്ളത് കംപാനിയൻ വോട്ട് ആണ്. കൂട്ടാളി വോട്ട് എന്നു വേണമെങ്കിൽ മലയാളീകരിക്കാം. കേൾക്കുമ്പോഴേ കാര്യം മനസ്സിലാകും. യഥാർത്ഥ വോട്ടർക്കു പകരം, അയാൾ കൂടെക്കൂട്ടുന്നയാൾ തിരഞ്ഞെടുപ്പ് ചട്ടപ്രകാരമുള്ള നടപടിക്രമങ്ങൾ പാലിച്ച്, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ അനുമതിയോടെ ചെയ്യുന്ന വോട്ട്.
ഓപ്പൺ വോട്ട് ഇല്ലെന്നു പറഞ്ഞുകൂടാ. ഇന്ത്യയിൽ രാജ്യസഭാ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളിൽ ഓപ്പൺ ബാലറ്റ് സംവിധാനമുണ്ട്. പാർട്ടി നിശ്ചയിച്ച സ്ഥാനാർത്ഥിക്കു തന്നെയാണ് എം.എ.എമാർ വോട്ടു ചെയ്‌തതെന്ന് ഉറപ്പാക്കാനാണ് ഈ സംവിധാനം. ഇവിടെ, ഓരോ പാർട്ടിയും നിയോഗിക്കുന്ന ഇലക്‌ഷൻ ഏജന്റിന് എം.എ.എയുടെ വോട്ടിംഗ് പ്രിഫറൻസ് കാണാം. പാർട്ടികൾ മറുകക്ഷികളിൽ നിന്ന് എം.എ.എമാരെ വിലയ്‌ക്കു വാങ്ങുന്നത് തടയാനാണ് ഈ സമ്പ്രദായം. അതല്ലാതെ, ഇന്ത്യയിൽ ഓപ്പൺ വോട്ട് ഇല്ല. ബാലറ്റ് മെഷിനു പകരം, ബാലറ്റ് പേപ്പർ ആയിരുന്ന കാലത്ത് നമ്മുടെ ചില നേതാക്കൾ വോട്ട് രേഖപ്പെടുത്തിയതിനു ശേഷം അത് ഉയർത്തിപ്പിടിച്ച് പരസ്യമായി പ്രദർശിപ്പിച്ചതിനെ വേണമെങ്കിൽ തമാശയായി ഓപ്പൺ വോട്ട് (മറയില്ലാത്ത വോട്ട്) എന്ന് വിളിക്കാമെന്നു മാത്രം. ചട്ടമനുസരിച്ച് അതു കുറ്റകരമാണു താനും.
ഇനി, കംപാനിയൻ വോട്ടിന്റെ കാര്യം. വോട്ടു രേഖപ്പെടുത്താനുള്ള വാർദ്ധക്യസഹജമായ അവശതയോ അന്ധതയോ ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങളോ ശാരീരിക വൈകല്യങ്ങളോ ഉള്ളവർക്ക് കംപാനിയൻ വോട്ട് ചെയ്യാൻ തീരുമാനിക്കാം. വോട്ടർക്കു വേണ്ടി, അയാൾ നിയോഗിക്കുന്ന മറ്റൊരാൾക്ക് വോട്ടു രേഖപ്പെടുത്താൻ അനുമതി ലഭിക്കും. പക്ഷേ, ഒരു കുഴപ്പമുണ്ട്- എത്ര അവശതയിലാണെങ്കിലും കംപാനിയന് ഒപ്പം യഥാർത്ഥ വോട്ടർ ബൂത്തിൽ എത്തിയിരിക്കണം (അല്ലെങ്കിൽപ്പിന്നെ കംപാനിയൻ ആകില്ലല്ലോ!).
കംപാനിയൻ വോട്ടിന് ചട്ടപ്രകാരമുള്ള നടപടിക്രമങ്ങളുണ്ട്. പ്രിസൈഡിംഗ് ഓഫീസറെ വിവരം അറിയിച്ച്, ഇതിനായുള്ള 14-എ ഫോറം പൂരിപ്പിച്ചു നൽകണം. യഥാർത്ഥ വോട്ടർക്ക് വോട്ട് രേഖപ്പെടുത്താനാകാത്ത വിധം ശാരീരിക അവശതയുണ്ടെന്ന് പ്രിസൈഡിംഗ് ഓഫീസർക്ക് ബോദ്ധ്യപ്പെടണം. കൂട്ടാളിയായി വോട്ടർക്കൊപ്പമെത്തിയ ആളുടെ പേരും മേൽവിലാസവും, അയാൾ എത്രമാത് ബൂത്തിലെ വോട്ടറാണെന്ന വിവരവും സത്യപ്രസ്‌താവനയായി നൽകണം. ഒരാൾക്ക് ഒരു കംപാനിയൻ വോട്ട് മാത്രമേ ചെയ്യാനാകൂ. കംപാനിയൻ വോട്ട് രേഖപ്പെടുത്തുന്നത്, വോട്ടു ചെയ്‌തയാളുടെ വലതു ചൂണ്ടുവിരലിലാണ്. അതിനൊപ്പം യഥാർത്ഥ വോട്ടറുടെ ഇടത് ചൂണ്ടുവിരലിലും മഷി പുരട്ടും. കംപാനിയൻ വോട്ടർ യഥാർത്ഥ വോട്ട് രേഖപ്പെടുത്തുമ്പോൾ അയാളുടെ ഇടതു ചൂണ്ടുവിരലിൽ മഷി പുരട്ടും. കംപാനിയൻ വോട്ട് രേഖപ്പെടുത്തുന്നയാൾ ആ വോട്ട് ആർക്കാണ് ചെയ്‌തതെന്ന് മറ്റുള്ളവരോട് പരസ്യപ്പെടുത്തരുതെന്നാണ് ചട്ടം.
മറ്റ് രണ്ടു വോട്ടിംഗ് സമ്പ്രദായങ്ങൾ ഉള്ളത് പ്രോക്‌സി വോട്ട് അഥവാ മുക്ത്യാർ വോട്ടും, പോസ്റ്റൽ അഥവാ തപാൽ വോട്ടുമാണ്. സൈനിക- അർദ്ധസൈനിക വിഭാഗങ്ങളിൽ സേവനമനുഷ്‌ഠിക്കുന്നവർക്കാണ് പ്രോക്‌സി വോട്ട് സൗകര്യം. പകരം നിയോഗിക്കപ്പെടുന്നയാൾ അതേ മണ്ഡലത്തിലെ വോട്ടർ ആയിരിക്കണമെന്നും ചട്ടമുണ്ട്.
തപാൽ വോട്ട് സൗകര്യം ഉപയോഗിക്കാവുന്നത്, മറ്റൊരിടത്ത് തിരഞ്ഞെടുപ്പു ജോലികൾക്കു നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥർക്കും സൈനിക വിഭാഗങ്ങളിലുള്ളവർക്കുമാണ്.
പ്രവാസികൾക്ക് പ്രോക്‌സി വോട്ടവകാശം നൽകാൻ അനുമതി നൽകുന്ന ബിൽ ദീർഘകാലമായി ചർച്ചയിലുണ്ടെങ്കിലും ഇതു സംബന്ധിച്ച ബിൽ ലോക്‌സഭ മാത്രമേ പാസാക്കിയിട്ടുള്ളൂ. നാട്ടിൽ ഇല്ലാത്ത യഥാർത്ഥ വോട്ടർക്കു പകരം മറ്റൊരാൾ വോട്ടു ചെയ്യുന്നതിലെ വിശ്വാസ്യത ഉറപ്പാക്കാനാവില്ലെന്ന് വിവിധ രാഷ്‌ട്രീയ കക്ഷികൾ എതിർപ്പുന്നയിക്കുന്നതാണ് തടസ്സം.
അപ്പോൾ, കണ്ണൂരിലും കാസർകോട്ടും പല ബൂത്തുകളിലും നടന്നത് ഓപ്പൺ വോട്ട് ആയിരുന്നുവെന്ന് സി.പി.എം നേതാക്കൾ പറയുന്നതിന്റെ ഗുട്ടൻസ് എന്ത്? ഉദ്ദേശിക്കുന്നത് കംപാനിയൻ വോട്ട് ആണ്. പക്ഷേ, അതു തെളിയിക്കാൻ ഒരു ബുദ്ധിമുട്ടുമില്ല. നിർദ്ദിഷിട ഫോറവും കംപാനിയൻ വോട്ട് രജിസ്റ്ററും പ്രിസൈഡിംഗ് ഓഫീസർക്ക് ഇക്കാര്യം സ്വയം ബോദ്ധ്യംവന്നതിന്റെ സാക്ഷ്യപത്രവും ഒക്കെയുണ്ടാകും. കംപാനിയൻ വോട്ട് ആണ് ചെയ്‌തതെങ്കിൽ, അയാൾ മഷി തലയിൽ തുടച്ച് മായ്‌ക്കാൻ ശ്രമിക്കുന്നത് എന്തിനെന്നു ചോദിച്ചാലും മറുപടിയുണ്ടാകില്ല.
അതല്ല, ഓപ്പൺ വോട്ട് തന്നെ ചെയ്യണമെന്ന് നേതാക്കൾക്ക് നിർബന്ധമാണെങ്കിൽ നൈജീരിയയിൽ പോയി വോട്ട് ചെയ്യേണ്ടിവരും. അവിടെയാണെങ്കിൽ, വോട്ടർക്ക് ഓപ്പൺ വോട്ട് ചെയ്യാൻ വകുപ്പുണ്ട്. ആർക്കാണ് വോട്ട് രേഖപ്പെടുത്തേണ്ടതെന്ന് പറഞ്ഞുകൊടുത്താൻ മാത്രം മതി. പൂർണമായും ഓപ്പൺ!