ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലംവരാൻ ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ കോൺഗ്രസ് 213 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് മീഡിയം.കോം എന്ന അമേരിക്കൻ വെബ്സൈറ്റ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. കോൺഗ്രസിന്റെ വോട്ടുശതമാനം 39 ആകുമെന്നും ബി.ജെ.പിയുടേത് 2014ന് സമാനമായി 31 ൽത്തന്നെ നിൽക്കുമെന്നും റിപ്പോർട്ടിലുണ്ട്. എന്നാൽ, ഒരു ബ്രിട്ടീഷ് പഠനഗ്രൂപ്പാണ് ഗവേഷണം നടത്തിയതെന്ന് മാത്രമേ വെബ്സൈറ്റിൽ പറയുന്നുള്ളു. ഗ്രൂപ്പിന്റെ പേര് പരാമർശിക്കാത്തത് വിമർശനങ്ങൾക്കിടയാക്കുന്നുണ്ട്.
പ്രാദേശികപാർട്ടികൾ ഉൾപ്പെടെയുള്ള മറ്റ് പ്രതിപക്ഷ പാർട്ടികൾക്ക് 30ശതമാനം വോട്ടോടുകൂടി 160 സീറ്റും വെബ്സൈറ്റ് റിപ്പോർട്ടിൽ പ്രവചിക്കുന്നുണ്ട്. രാജ്യത്തെ 24 സംസ്ഥാനങ്ങളിൽനിന്ന് 20500 ആളുകളിൽനിന്നുള്ള പ്രതികരണം ക്രോഡീകരിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്നാണ് അവകാശവാദം.