loksabha-election-

രാജ്യത്ത് ഏഴു ഘട്ടങ്ങളിലായി പൂർത്തിയാകുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ടമാണ് ഇന്ന്. ഒൻപതു സംസ്ഥാനങ്ങളിലെ 71 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുക. അതേസമയം, മേയ് ആറിനു നടക്കുന്ന അഞ്ചാം ഘട്ട വോട്ടെടുപ്പിന്റെ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. ഏഴു സംസ്ഥാനങ്ങളിലായി 51 സീറ്റുകളിലേക്ക് പോളിംഗ് നടക്കുന്ന അഞ്ചാം ഘട്ടത്തിലാണ് ഏറ്റവും കുറവ് മണ്ഡലങ്ങൾ ഉൾപ്പെടുന്നത്.

ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ബീഹാർ, ജാർഖണ്ഡ്, ജമ്മു കശ്‌മീർ എന്നീ സംസ്ഥാനങ്ങളിലായാണ് അഞ്ചാം ഘട്ടം. കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ അമേതിയും, സോണിയാ ഗാന്ധിയുടെ റായ് ബറേലിയുമാണ് അഞ്ചാം ഘട്ടത്തിൽ ഏറ്റവും ശ്രദ്ധേയമായ മണ്ഡലങ്ങൾ.

അമേതി

കോൺഗ്രസിന്റെ സ്വന്തം മണ്ഡലമെന്ന് അടിക്കുറിപ്പെഴുതാവുന്ന അമേതി മണ്ഡലം രൂപീകരിക്കപ്പെട്ടത് 1967-ലാണ്. ആദ്യ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ വിദ്യാധർ വാജ്പേയി വിജയിച്ച മണ്ഡലത്തെ ഏറ്റവും കൂടുതൽ കാലം പ്രതിനിധീകരിച്ച റെക്കാഡ് സിറ്റിംഗ് എം.പി രാഹുൽ ഗാന്ധിക്കാണ്. 2004-ൽ എം.പി ആയ രാഹുൽ ഇപ്പോഴും അമേതിയിൽത്തന്നെ തുടരുന്നു. അദ്യ എം.പി വിദ്യാധർ വാജ്പേയി തൊട്ടടുത്ത തിരഞ്ഞെടുപ്പിലും വിജയം കണ്ടു. 1977-ലെ ജനതാ തരംഗത്തിൽ കോൺഗ്രസിന് സീറ്റ് കൈമോശം വന്നു. അന്ന്, ജനതാ പാർട്ടിയിലെ രവീന്ദ്ര പ്രതാപ് സിംഗ് തിരഞ്ഞെടുക്കപ്പെട്ടു.

1980-ൽ സിംഗ് വീണ്ടും മത്സരിച്ചെങ്കിലും സഞ്ജയ് ഗാന്ധിയോട് പരാജയപ്പെട്ടു. എം.പി ആയിരിക്കെ വിമാനാപകടത്തിൽ സഞ്ജയ് ഗാന്ധി കൊല്ലപ്പെട്ടതിനെ തുടർന്നുണ്ടായ ഉപതിരഞ്ഞെടുപ്പിൽ രാജീവ് ഗാന്ധി മത്സരിച്ച് ജയം നേടി. 1991 വരെ മണ്ഡലം രാജീവിന്റെ കൈയിൽ സുരക്ഷിതമായിരുന്നു. 91-ൽ രാജീവ് ഗാന്ധി വധിക്കപ്പെട്ടപ്പോൾ അമേതിയിൽ വീണ്ടും ഉപതിരഞ്ഞെടുപ്പ്. അത്തവണ ക്യാപ്റ്റൻ സതീഷ് ശർമ്മയുടെ ഊഴം. 96-ൽ ഒരുവട്ടം കൂടി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടെങ്കിലും 98-ൽ ബി.ജെ.പിയിലെ സഞ്ജയ് സിംഗിനോട് തോൽവി വഴങ്ങി. അമേതി ബി.ജെ.പി പക്ഷത്തേക്കു ചാഞ്ഞ ഒരേയൊരു തിരഞ്ഞെടുപ്പായിരുന്നു അത്.

1999-ൽ അമേതിയുടെ നായികയായ സോണിയ ഗാന്ധി 2004 വരെ തുടർന്നു. പിന്നീട് അമേതിയിൽ രാഹുൽ യുഗം.

2009-ൽ 3,70,198 വോട്ടിന്റെ ഭൂരിപക്ഷം നേടിയ രാഹുൽ ഗാന്ധിയെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 1,07,903 വോട്ട് ഭൂരിപക്ഷത്തിലേക്കു താഴ്‌ത്തിയത് ബി.ജെ.പിയുടെ താരനായിക സ്‌മൃതി ഇറാനിയാണ്. ഇത്തവണയും രാഹുലിനെ നേരിടാൻ അമേതിയിൽ സ്‌മൃതി തന്നെ.

റായ് ബറേലി

1952 മുതളുള്ള തിരഞ്ഞെടുപ്പു ചരിത്രത്തിൽ 1977-ൽ ജനതാ പാർട്ടിയും 96 മുതൽ മൂന്നു വർഷം ബി.ജെ.പിയും വിജയിച്ചതൊഴിച്ചാൽ പൂർണമായും കോൺഗ്രസിന്റെ അക്കൗണ്ടിലാണ് റായ് ബറേലി. രാഹുലിന്റെ അമ്മ സോണിയയുടെയും മുത്തശ്ശി ഇന്ദിരാ ഗാന്ധിയുടെ സ്വന്തം മണ്ഡലം. 1967-ലും 71-ലുമാണ് ഇന്ദിര അമേതിയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്. 1977-ൽ ജനതാ തരംഗം. പിന്നീട്, 1980 മുതൽ നാലു തിരഞ്ഞെടുപ്പുകളിൽ ഷീലാ കൗളും, തുടർന്ന് രണ്ടു തവണ സതീഷ് ശർമ്മയും കോൺഗ്രസിനായി റായ് ബറേലി കാത്തു. പിന്നീട് ബി.ജെ.പിയുടെ ഹ്രസ്വകാല മുന്നേറ്റത്തിനു പിന്നാലെ മണ്ഡലം തിരിച്ചുപിടിച്ച് സതീഷ് ശർമ്മ കരുത്തു കാട്ടി. സോണിയാ ഗാന്ധിയുടെ ഊഴമായിരുന്നു അടുത്തത്. പിന്നീട് ഇതേവരെ സോണിയ മറ്റാർക്കും അതു വിട്ടുകൊടുത്തിട്ടില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ അജയ് അഗർവാളിനെതിരെ 3,52,713 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു സോണിയയുടെ ജയം. ഇത്തവണ ബി.ജെ.പി ദിനേശ് പ്രതാപ് സിംഗിനെ ഇറക്കി അമേതിയിൽ പരീക്ഷണം നടത്തുന്നു. മുൻ കോൺഗ്രസ് എം.എൻ.സി ആയ ദിനേശ് പ്രതാപ് സിംഗ് ബി.ജെ.പിയിലെത്തിയിട്ട് ഒന്നര വർഷമാകുന്നതേയുള്ളൂ.