കൊച്ചി: ആലപ്പുഴ പട്ടണക്കാട് ഒന്നേകാൽ വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മയെ അറസ്റ്റുചെയ്യും. കുഞ്ഞിനെകൊന്നതാണെന്ന് അമ്മ കുറ്റസമ്മതം നടത്തിയതായി പൊലീസ് വെളിപ്പെടുത്തി. ഇവരെ ഉടൻ അറസ്റ്റുചെയ്യും. ശ്ലാസം മുട്ടിച്ചാണ് കൊലനടത്തിയതെന്ന് പൊലീസ് വെളിപ്പെടുത്തി. കുട്ടിയെ മാതാപിതാക്കൾ കൊന്നതാണെന്ന് മുത്തസ്സിയും വെളിപ്പെടുത്തിയിരുന്നു.
പട്ടണക്കാട് ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് കൊല്ലംവെളി കോളനിയിൽ ഷാരോണിന്റെയും ആതിരയുടെയും മകൾ ആദിഷയാണ് കഴിഞ്ഞ ദിവസം വൈകുന്നേരം മരിച്ച നിലയിൽ കാണപ്പെട്ടത്. വീട്ടിൽ ഷാരോണിനും ആതിരയ്‌ക്കും പുറമെ ഇയാളുടെ അമ്മയും കൂടെയുണ്ടായിരുന്നു. അമ്മയുമായി ഷാരോൺ നിരന്തരം വഴക്കിടുമായിരുന്നു. രണ്ട് മാസം മുമ്പ് അമ്മയെ മൺവെട്ടികൊണ്ട് അടിച്ചതിന്റെ പേരിൽ ഇയാളെ പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. ഇവരുടെ വീട്ടിൽ എപ്പോഴും പരസ്പരം വഴക്കാണെന്നും അയൽവാസികൾ പറയുന്നു.
ഉറങ്ങിക്കിടന്നതിനുശേഷം ചലനമില്ലാതിരുന്ന കുട്ടിയെ ബന്ധുക്കളും പ്രദേശവാസികളും ചേർന്ന് കഴിഞ്ഞ ദിവസം ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു . ശ്വാസം നിലച്ച് പോയതാണെന്നാണ് മാതാപിതാക്കൾ ആശുപത്രിയിൽ പറഞ്ഞത്. സാധാരണ ഒരുവയസിൽ താഴെയുള്ള കുട്ടികൾക്കാണ് ഇത്തരത്തിൽ സംഭവിക്കാറ്. തുടർന്ന് ഡോക്ടർ സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് പട്ടണക്കാട് പൊലീസെത്തി വിശദമായ പരിശോധന നടത്തി.പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയിൽ ചുണ്ടിലെ പാടൊഴികെ കുട്ടിയുടെ ശരീരത്തിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായിരുന്നില്ല. കുട്ടി ഉച്ചവരെ കോളനിയിൽ ഓടിക്കളിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു. ഇതും സംശയത്തിന് ഇടയാക്കിയിരുന്നു. എന്നാൽ ഇന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പൊലീസ് സർജന്റെ സാന്നിദ്ധ്യത്തിൽ നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് കുട്ടി ശ്വാസം കിട്ടാതെയാണ് മരിച്ചതെന്ന് വ്യക്തമായത്.
അമ്മ കുട്ടിയെ നിരന്തരം മർദ്ദിക്കുമായിരുന്നുവെന്നും കൊല്ലുമെന്ന് നിരന്തരം ഭീഷണി മുഴക്കുമായിരുന്നുവെന്നുമാണ് അയൽവാസിയും വെളിപ്പെടുത്തിയിരുന്നു. കുട്ടിയ്‌ക്ക് രണ്ട് മാസം പ്രായമുള്ളപ്പോൾ ക്രൂരമായി മർദ്ദിച്ച് അവശയാക്കി. ഇക്കാര്യത്തിൽ താൻ പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിരുന്നു. അന്ന് പൊലീസ് സ്‌റ്റേഷനിൽ വച്ച് ഒത്തുതീർപ്പാക്കി വിടുകയായിരുന്നുവെന്നും ഇയാൾ പറയുന്നു.