കൊളമ്പോ: ശ്രീലങ്കയിൽ നടന്ന ഭീകരാക്രമണത്തിൽ ത്രീവ്രവാദികളെ നേരിടാൻ ഇന്ത്യ എൻ.എസ്.ജി കമാൻഡോകളെ അയക്കേണ്ടതില്ലെന്നും ശ്രീലങ്കൻ സെെന്യം അതിന് പ്രാപ്തരാണെന്നും മുൻ പ്രസിഡന്റ് മഹീന്ദ രാജപക്‌സെ പറഞ്ഞു. ഇന്ത്യയുടെ സഹായഹസ്തത്തിന് രാജപക്‌സെ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
ഇന്ത്യയുടെ സഹായ വാഗ്ദാനത്തിന് ഒരുപാട് നന്ദിയുണ്ട്. എന്നാൽ എൻ.എസ്.ജി ശ്രീലങ്കയിലേക്ക് വരേണ്ടതില്ല. വിദേശ പട്ടാളക്കാരുടെ സേവനം ഞങ്ങൾക്ക് ആവശ്യമില്ല. ഞങ്ങളുടെ സൈന്യം പ്രാപ്തിയുള്ളവരാണ്. ഞങ്ങൾ അവര്‍ക്ക് അധികാരവും സ്വാതന്ത്രവും കൊടുത്താൽ മാത്രം മതി. രാജപക്‌സെ ന്യൂസ്18ക്ക് കൊടുത്ത അഭിമുഖത്തിൽ പറഞ്ഞു.
പ്രസിഡന്റ് മൈത്രീപാല സിരിസേനയും പ്രധാനമന്ത്രി റനിൽ വിക്രമസിംഗെക്കെതിരെയും രാജപക്‌സെ തുറന്നടിച്ചു. രാജ്യത്ത് നടന്ന ഭീകരാക്രമണത്തിനും 250 ൽ കൂടുതൽ ആളുകളുടെ മരണത്തിനും കാരണക്കാർ മൈത്രീപാല സിരിസേനയും റനിൽ വിക്രമസിംഗെയുമാണെന്ന് രാജപക്‌സെ പറഞ്ഞു. രാജ്യത്തെ ബലി കൊടുത്ത് ഇരുവരും രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. അവർക്ക് ആശങ്ക വോട്ടിലും വോട്ട് ബാങ്ക് രാഷ്ട്രീയത്തിലാണെന്നും രാജപക്‌സെ കുറ്റപ്പെടുത്തി.