അമേത്തി: അമേത്തിയിലെ ജനങ്ങൾക്ക് സാരിയും ചെരുപ്പും വിതരണം ചെയ്ത മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥി സ്മൃതി ഇറാനിയുടെ നടപടിയെ വീണ്ടും വിമർശിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്ര രംഗത്ത്.
പണവും സാരികളും ചെരുപ്പുകളും വിതരണം ചെയ്തുള്ള ബി.ജെ.പിയുടെ പ്രചാരണവഴി തെറ്റാണ്. അമേത്തിയിലെ ജനങ്ങൾ ആർക്കും മുന്നിൽ യാചിക്കുന്നവരല്ല. 12വയസുള്ളപ്പോഴാണ് ഞാനാദ്യം അവിടെയെത്തുന്നത്. അമേത്തിയിലെയും റായ്ബറേലിയിലെയും ജനങ്ങൾ ഏറെ അഭിമാനമുള്ളവരാണ്.
ജോലി, വിദ്യാഭ്യാസം, ആരോഗ്യം...അവിടത്തെ പ്രശ്നങ്ങൾ വ്യക്തമാണ്. ദേശീയത എന്നാൽ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കലാണ്. ഇവിടെ ബി.ജെ.പി ജനങ്ങളുടെ ആവശ്യങ്ങളെക്കുറിച്ച് കേൾക്കുന്നില്ല. അവർ ശബ്ദമുയർത്തുമ്പോഴോ, അത് അടിച്ചമർത്തുകയും ചെയ്യുന്നു. ഇത് ഒരിക്കലും ദേശീയതയോ ജനാധിപത്യമോ അല്ല. പ്രിയങ്ക ആഞ്ഞടിച്ചു.
സ്മൃതി ഇറാനി അമേത്തിയിലെ ജനങ്ങൾക്ക് ചെരുപ്പുകൾ വിതരണം ചെയ്തതിനെ വിമർശിച്ച് നേരത്തെയും പ്രിയങ്ക രംഗത്തെത്തിയിരുന്നു. മണ്ഡലത്തിലെ എം.പിയായ രാഹുലിനെയും അവിടത്തെ ജനങ്ങളെയും പരിഹസിക്കുന്നതിന് തുല്യമാണ് സ്മൃതിയുടെ നടപടിയെന്നായിരുന്നു പ്രിയങ്ക പറഞ്ഞത്.