ഹരിദ്വാർ ; ആറുവയസുകാരിയെ കൊലപ്പെടുത്തിയതിന് ശേഷം പീഡിപ്പിച്ച 28കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തരാഖണ്ഡിലെ ഹരിദ്വാറിലാണ് സംഭവം. കുട്ടിയുടെ മൃതശരീരം കണ്ടെത്തിയതിന് പിന്നാലെ നടന്ന അന്വേഷണത്തിലാണ് ശനിയാഴ്ച കൊലപാതകിയെ അറസ്റ്റുചെയ്തത്. പ്രതിയുടെ ഏഴ് വയസുകാരനായ മകന്റെ മൊഴിയാണ് അന്വേഷണത്തിൽ വഴിത്തിരിവായത്.
ഗ്രാമത്തിലെ കുട്ടികൾക്കൊപ്പം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു ആറ് വയസുകാരി. ഈ കൂട്ടത്തിൽ പ്രതിയുടെ ഏഴ് വയസുകാരനായ മകനും ഉണ്ടായിരുന്നു. ഈ കുട്ടികൾ നൽകിയ സൂചനയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടുന്നത്. അടുത്തുള്ള വയലിലെ മരത്തിന് അടിയിൽ പോയി ഇരിക്കാം എന്നുപറഞ്ഞാണ് പെൺകുട്ടിയെ പ്രതി വിളിച്ചുകൊണ്ടുപോയത്. ആദ്യം കുഞ്ഞിനെ കൊലപ്പെടുത്തിയതിന് ശേഷമാണ് ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. സംംഭവത്തിന് ശേഷം ഇയാൾ വീട്ടിലേക്ക് പോവുകയായിരുന്നു.
പ്രതിയുടെ മകനാണ് പൊലീസിന് കൃത്യമായ സൂചനകൾ നൽകിയത്. കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ അച്ഛൻ വിളിച്ചുകൊണ്ടുപോയെന്ന് ഏഴ് വയസുകാരനാണ് പൊലീസിനെ അറിയിച്ചത്. അറസ്റ്റ് ചെയ്ത പ്രതി പിന്നീട് കുറ്റം സമ്മതിക്കുകയായിരുന്നു.