ആലപ്പുഴ : ആലപ്പുഴയിൽ അമ്മ ശ്വാസം മുട്ടിച്ച് കൊന്ന കുഞ്ഞിന് ഒന്നേകാൽവയസിനുള്ളിൽ ജയിലിലും കിടക്കേണ്ടി വന്നു. അച്ഛന്റെ അമ്മയെ മൺവെട്ടി കൊണ്ട് തലയ്ക്കടിച്ച് ആക്രമിച്ച കേസിൽ കുഞ്ഞിന്റെ അമ്മയും അച്ഛനും ആറ് ദിവസം ജയിലിൽ കിടന്നിരുന്നു. ആ സമയത്ത് പിഞ്ചു കുഞ്ഞായിരുന്നത് കൊണ്ട് മകളെയും ഇവർക്കൊപ്പം ജയിലിലിടുകയായിരുന്നു. രണ്ട് മാസം മുമ്പ് കുഞ്ഞിനെ ഉപദ്രവിച്ചതിലും കുട്ടിയുടെ അമ്മയ്ക്കെതിരെ പട്ടണക്കാട് പൊലീസ് സ്റ്റേഷനിൽ കേസുണ്ട്.
കുട്ടിയെ അമ്മ മർദ്ദിക്കാറുണ്ടെന്ന് കുട്ടിയുടെ അച്ഛന്റെ അമ്മ പൊലീസിന് മൊഴി നൽകിയിരുന്നു. മകന്റെ ഭാര്യ പ്രത്യേക സ്വഭാവക്കാരിയാണെന്നും കുട്ടിയെ കൊല്ലുമെന്ന് പറയാറുണ്ടെന്നും ഇവർ പൊലീസിനോട് പറഞ്ഞു. വീട്ടിൽ എല്ലാവരും ഒന്നിച്ചിരിക്കുമ്പോൾ കുട്ടിയുടെ അമ്മ പെട്ടെന്ന് കുട്ടിയെ മുറിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. അതിന് ശേഷമാണ് കുഞ്ഞിന്റെ ശ്വാസം നിലച്ച് പോയതെന്നും ഇവർ പൊലീസിനോട് പറഞ്ഞു. കുട്ടി ആരോഗ്യവതിയായിരുന്നു എന്നും അസുഖമൊന്നും ഇല്ലായിരുന്നു എന്നും പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
കുട്ടിയുടെ അമ്മയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ചോദ്യം ചെയ്യലിൽ അമ്മ കുറ്റം സമ്മതിക്കുകയായിരുന്നു. ശ്വാസം കിട്ടാതെയാണ് കുട്ടി മരിച്ചതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുള്ളത് ഇതേ തുടർന്ന് കുട്ടിയുടെ അമ്മയെ പൊലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിരുന്നു. ഇന്നലെ വൈകീട്ടാണ് ആലപ്പുഴയിലെ പട്ടണക്കാട് പതിനഞ്ചുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പട്ടണക്കാട് ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് കൊല്ലംവെളി കോളനിയിലാണ് കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലെ കിടപ്പുമുറിയിൽ ഉറങ്ങികിടക്കുകയായിരുന്ന കുട്ടിയെ ചലനമില്ലാത്ത സാഹചര്യത്തിൽ കണ്ടെത്തിയെന്നാണ് ആശുപത്രിയിൽ എത്തിച്ചവർ അറിയിച്ചത്.