open-vote

തിരുവനന്തപുരം: കണ്ണൂർ,കാസർകോട് ജില്ലകളിലെ ചില ബൂത്തുകളിൽ വ്യാപകമായ കള്ളവോട്ട് നടന്നുവെന്ന വീഡിയോതെളിവ് സഹിതം വാർത്ത പുറത്തുവന്നതോടെ പ്രതിരോധിക്കാൻ ഇടതുമുന്നണി പറഞ്ഞ ഓപ്പൺ വോട്ട് വാദം അബദ്ധം. രാജ്യത്തെ തിരഞ്ഞെടുപ്പ് നിയമം അനുസരിച്ച് പൊതുതിരഞ്ഞെടുപ്പിൽ ഓപ്പൺവോട്ട് എന്ന സംവിധാനമില്ലെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ വ്യക്തമാക്കി.

പൊതുതിരഞ്ഞെടുപ്പിൽ ഓപ്പൺവോട്ട് സമ്പ്രദായം നിയമവിധേയമല്ല. രഹസ്യബാലറ്റ് സംവിധാനമാണ് രാജ്യത്തുള്ളത്. അതേസമയം കംപാനിയൻവോട്ട് ,പ്രോക്സിവോട്ട്, പോസ്റ്റൽവോട്ട്, ടെണ്ടേർഡ് വോട്ട് സംവിധാനങ്ങളുണ്ട്. പോസ്റ്റൽ വോട്ട് തിരഞ്ഞെടുപ്പ് ജോലികൾക്ക് നിയോഗിക്കപ്പെട്ട സർക്കാർ ഉദ്യോഗസ്ഥർക്ക് വോട്ടവകാശം വിനിയോഗിക്കാനുള്ളതാണ്. ഇതിന് ഫോറം 12 പൂരിപ്പിച്ച് നൽകി അനുമതിതേടണം. ടെണ്ടേർഡ് വോട്ട് കള്ളവോട്ടിന് ഇരയായവർക്കുള്ളതാണ്. ഏതെങ്കിലും വോട്ടറുടെ വോട്ട് മറ്റൊരാൾ ചെയ്തുപോയിട്ടുണ്ടെങ്കിൽ വോട്ടർക്ക് ടെണ്ടേർഡ് വോട്ട് ചെയ്യാൻ അവകാശമുണ്ടായിരിക്കും. ഇത് പ്രിസൈഡിംഗ് ഓഫീസറാണ് തീരുമാനിക്കേണ്ടത്. ഈ വോട്ട് പ്രത്യേകം വോട്ടിംഗ് യന്ത്രത്തിലാണ് നടത്തുക. ഇത് പ്രത്യേകം സൂക്ഷിക്കുകയും ചെയ്യും.