ബീജിംഗ്: ചൈനീസ് പ്രസിഡന്റ് ഷീ ചിൻപിംഗും പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനും ബീജിംഗിൽ കൂടിക്കാഴ്ച നടത്തി. പുൽവാമയിലെ ഭീകരാക്രമണത്തിനുശേഷം ഉലച്ചിൽ തട്ടിയ ഇന്ത്യ-പാക് ബന്ധം മെച്ചപ്പെടുമെന്നാണ് പ്രതീക്ഷയെന്ന് ഷീ ചിൻപിംഗ് കൂടിക്കാഴ്ചയ്ക്കുശേഷം പറഞ്ഞു. തിരഞ്ഞെടുപ്പിന് ശേഷം ബന്ധത്തിൽ പുരോഗതിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി സമ്മേളനത്തിൽ സംസാരിക്കവെ ഇമ്രാൻ ഖാനും സൂചിപ്പിച്ചിരുന്നു.
26,27 തീയതികളിൽ നടന്ന, ചൈനയുടെ സ്വപ്നപദ്ധതിയായ വൺ ബെൽറ്റ് വൺ റോഡ് പദ്ധതിയുടെ രണ്ടാം സമ്മേളനത്തിൽ പങ്കെടുക്കാനായാണ് ഇമ്രാൻ ഖാൻ ഇക്കഴിഞ്ഞ 25ന് ചൈനയിലെത്തിയത്. ചൈനയുടെ വൈസ് പ്രസിഡന്റ് വാൻ കിഷാനുമായും പ്രധാനമന്ത്രി ലീ കെക്വിയാംഗുമായും ഇമ്രാൻ ഖാൻ നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു. ബന്ധം ദൃഢമാക്കുന്ന ഒട്ടേറെ കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവച്ചതായാണ് റിപ്പോർട്ടുകൾ. സാമ്പത്തിക ഇടനാഴി പാകിസ്ഥാനിലെ സാമ്പത്തിക പുരോഗതിയെയും ജനജീവിതത്തെയും സ്വാധീനിക്കുമെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.
പാക് അധീന കാശ്മീരിലൂടെ കടന്നുപോകാൻ ലക്ഷ്യമിടുന്ന ചൈന-പാക് സാമ്പത്തിക ഇടനാഴി (സി.പി.ഇ.സി) പദ്ധതി തെക്കേഷ്യൻ രാജ്യങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന വൺ ബെൽറ്റ് വൺ റോഡിന്റെ പ്രധാന ഘടകമാണ്. പാക് അധീനകാശ്മീരിലൂടെ സാമ്പത്തിക, വ്യാപാര, വാണിജ്യപാത തുറക്കാനുള്ള ചൈനയുടെ നീക്കത്തോട് പ്രതിഷേധിച്ച് രണ്ടാംതവണയും ഇന്ത്യ സമ്മേളനം ബഹിഷ്കരിച്ചു. പാക് അധീന കാശ്മീർ ഇന്ത്യയുടെ ഭാഗമാണെന്നും പാകിസ്ഥാന്റെ ഭാഗമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് സാമ്പത്തിക ഇടനാഴി പദ്ധതിയെ ഇന്ത്യ എതിർക്കുന്നത്.
പാകിസ്ഥാൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ജെയ്ഷെ ഇ മുഹമ്മദിന്റെ തലവൻ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള യുഎന്നിന്റെ നിരന്തരനീക്കങ്ങൾക്ക് ചൈന തടയിടുന്നതിനിടയിലാണ് ഇരുരാജ്യങ്ങളുടെയും തലവന്മാർ തമ്മിലുള്ള സൗഹൃദം പുതുക്കലെന്നതും ശ്രദ്ധേയമാണ്.
"പാകിസ്ഥാൻ ചൈനയുടെ സഹകരണപങ്കാളിയാണ്. ഇരുരാജ്യങ്ങളുടെയും പ്രധാനവിഷയങ്ങളിൽ പരസ്പരം സഹകരിച്ച് മുന്നോട്ട്പോകും."- ഷീ ചിൻപിംഗ്
കിഴക്കുള്ള അയൽക്കാരുമായി നല്ല ആഭ്യന്തരബന്ധം ഞങ്ങൾക്കാവശ്യമാണ്. കാശ്മീർ വിഷയം സംസാരിച്ചുപരിഹരിക്കാൻ പറ്റുമെങ്കിൽ അങ്ങനെ ചെയ്യും" ഇമ്രാൻ ഖാൻ