utpal-

പനാജി: ഗോവ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ പനാജി മണ്ഡലത്തിൽ പരീഖർ പുത്രനോ സിദ്ധാർത്ഥോ? കുറച്ചു ദിവസമായി സംസ്ഥാന ബി.ജെ.പിയിൽ അതൊരു സന്ദേഹ വിഷയമായിരുന്നു. ഇന്ന് ആ കൺഫ്യൂഷൻ മാറിയപ്പോൾ മുൻ മുഖ്യമന്ത്രി മനോഹർ പരീഖറുടെ പുത്രൻ ഉത്പൽ പരീക്കർക്ക് ടിക്കറ്റില്ല. പകരം, പാർട്ടി സീറ്റ് നൽകിയത് മുൻ എം.എൽ.എ സിദ്ധാർത്ഥ് കുൻകാലിയേങ്കർക്ക്.

പാൻക്രിയാറ്റിക് കാൻസർ ബാധിച്ച് ചികിത്സയിലായിരുന്ന മനോഹർ പരീക്കർ അന്തരിച്ചിട്ട് ഒരു മാസം കഴിഞ്ഞതേയുള്ളൂ. (അറുപത്തിമൂന്നാം വയസ്സിൽ, ഇക്കഴിഞ്ഞ മാർച്ച് 17-നായിരുന്നു പരീക്കറുടെ മരണം). പനാജിയിൽ ഇക്കുറി തനിക്ക് പാർട്ടി ടിക്കറ്റ് കിട്ടുമെന്നായിരുന്നു ഉത്പലിന്റെ മനോവിചാരം. ചർച്ചകൾക്കിടെ ഉത്പലിന്റെയും ഒപ്പം മുൻ എം.എൽ.എ സിദ്ധാർത്ഥിന്റെയും പേരുകൾ പാർട്ടി സംസ്ഥാന ഘടകം പരിഗണിച്ചു. ഒടുവിൽ ഇന്നത്തെ പാർട്ടി യോഗത്തിൽ സിദ്ധാർത്ഥിന് നറുക്കു വീണപ്പോൾ ഉത്പൽ പുറത്ത്.

1994-ൽ മനോഹർ പരീക്കർ പനാജിയിൽ ആദ്യ ജയം നേടിയതിനു ശേഷം അവിടംതന്നെയായിരുന്നു അദ്ദേഹത്തിന്റെ തട്ടകം. അതിനു ശേഷം രണ്ടു തവണ സിദ്ധാർത്ഥ് കുൻകാലിയേങ്കർ പനാജിയിൽ നിന്ന് വിജയം നേടിയത് പരീക്കറുടെ പിന്തുണയോടെ.

ഇത്തവണ തനിക്ക് സ്ഥാനാർത്ഥിത്വം ലഭിക്കുമെന്നു കരുതി ഉത്പൽ പരീക്കർ മണ്ഡലത്തിൽ പ്രചാരണം തുടങ്ങിയിരുന്നെങ്കിലും പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾ സിദ്ധാർത്ഥിനെ പിന്തുണയ്‌ക്കുകയായിരുന്നു. മനോഹർ പരീക്കറുടെ പുത്രൻ എന്ന ഇമേജ് കൊണ്ടു മാത്രം പനാജിയിൽ ഉത്പലിന് വിജയിക്കാൻ കഴിയില്ലെന്നാണ് അവരുടെ പക്ഷം. എന്തായാലും ഇതിന്റെ പേരിൽ പാർട്ടി സംസ്ഥാന ഘടകത്തിൽ ഭിന്നതയില്ലെന്ന് ഔദ്യോഗിക പത്രക്കുറിപ്പ് പുറത്തു വന്നിട്ടുണ്ട്.