മുംബയ്: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാജ്യത്ത് ബി.ജെ.പി മികച്ച ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലെത്തുമെന്നും, മഹാരാഷ്ട്രയിൽ പാർട്ടി 42 സീറ്റിലധികം നേടുമെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇന്ത്യയിൽ മോദി തരംഗമായിരുന്നു. ഇപ്പോഴാകട്ടെ, മോദിക്ക് അനുകൂലമായ രാഷ്‌ട്രീയ അടിയൊഴുക്ക് രാജ്യത്ത് ശക്തമായുണ്ട്. അദ്ദേഹത്തിന്റെ റാലികളിൽ പങ്കെടുക്കുന്നവരെ കാണുമ്പോൾ, പാർട്ടി ഈ തിരഞ്ഞെടുപ്പിൽ പുതിയ റെക്കാഡുകൾ സൃഷ്‌ടിക്കുമെന്ന കാര്യം ഉറപ്പാണ്- ദേശീയ മാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ഫഡ്നാവിസ് പറഞ്ഞു.
2014-ലെയും ഇപ്പോഴത്തെയും തിരഞ്ഞെടുപ്പുകളിലെ വോട്ടിംഗ് ക്രമം പരിശോധിച്ചാൽ കാര്യമായ വ്യത്യാസമില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആദ്യഘട്ടങ്ങളിലെ പോളിംഗ് ശതമാനം 63 ശതമാനമായിരുന്നു. ഇപ്പോഴും ഏറക്കുറെ അത്രതന്നെ. കഴിഞ്ഞ തവണ മദ്ധ്യവർഗ വോട്ടർമാരാണ് ബി.ജെ.പിയെ കാര്യമായി തുണച്ചതെങ്കിൽ ഇത്തവണ താഴേത്തട്ടുകാരും തീർത്തും സാധാരണക്കാരും കൂടി ബി.ജെ.പിക്ക് ഒപ്പമുണ്ട്.
ബി.ജെ.പി ശിവസേനാ സഖ്യത്തിലുണ്ടായ താളപ്പിഴകളുടെ നഷ്‌ടം ഇരുകൂട്ടരും അനുഭവിച്ചതാണ്. ഒരുമിച്ച് നിൽക്കേണ്ടതിന്റെ അനിവാര്യത ഇപ്പോൾ ഇരുപക്ഷത്തിനും അറിയാം. എല്ലാം ഞങ്ങൾ പുതുതായി തുടങ്ങുകയാണ്- ഫഡ്നാവിസ് പറഞ്ഞു.
മോദി സർക്കാരിനെതിരെ ദേശവ്യാപകമായി ന്യൂനപക്ഷവികാരമുണ്ടെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. ന്യൂനപക്ഷ ക്ഷേമത്തിനായി മോദി സർക്കാർ കൈക്കൊണ്ട നടപടികളെക്കുറിച്ച് അവർക്ക് നന്നായറിയാം. മഹാരാഷ്‌ട്രയിലാകട്ടെ, അടുത്ത കാലത്തൊന്നും കലാപസംഭവങ്ങളോ അക്രമങ്ങളോ ഉണ്ടായിട്ടില്ല. ബാക്കിയെല്ലാം പ്രതിപക്ഷ പാർട്ടികളുടെ നുണപ്രചാരണം മാത്രം- ഫഡ്നാവിസ് പറഞ്ഞു.