തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ഫോനി ചുഴലിക്കാറ്റ് തമിഴ്‌നാട് ആന്ധ്ര തീരത്ത് നിന്ന് അകലുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വടക്ക് കിഴക്കൻ ദിശയിലേക്കാണ് ചുഴലിക്കാറ്റ് നീങ്ങുന്നത്. ഇതിനെത്തുടർന്ന് കേരളത്തിൽ വ്യാപകമായി മഴയുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പുനൽകി.
ഫോനി ചുഴലിക്കാറ്റ് അടുത്ത പന്ത്രണ്ട് മണിക്കൂറിനുള്ളിൽ അതിതീവ്രചുഴലിക്കാറ്റാകും. തുടർന്ന് ബംഗ്ലാദേശ് ഭാഗത്തേക്ക് നീങ്ങുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ചുഴലിക്കാറ്റ് തീരത്ത് നിന്ന് അകലുകയാണെങ്കിലും കേരളത്തിൽ ജാഗ്രതാ നിർദ്ദേശം തുടരും. കേരളത്തിൽ ശക്തമായ മഴയുണ്ടാകും. മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശും. ശക്തമായ മഴക്കുള്ള സാധ്യത കണക്കിലെടുത്ത് പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച എറണാകുളം മുതൽ വയനാട് വരെയുള്ള ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. കടൽ പ്രക്ഷുബ്ദമായതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. മലയോര മേഖലകളിലേക്കും ബീച്ചുകളിലേക്കുമുള്ള വിനോദ സഞ്ചാരം വിലക്കി.