ലണ്ടൻ : ഈസ്റ്റർദിനത്തിൽ ശ്രീലങ്കയിൽ ഐസിസ് ഭീകരർ നടത്തിയ ചാവേർ ആക്രമണങ്ങൾ പരീക്ഷണമായിരുന്നുവെന്നും മറ്റുരാജ്യങ്ങളിലും ആക്രമണം നടത്താൻ ഭീകരർ പദ്ധതിയിടുന്നതായി റിപ്പോർട്ട്. ബ്രിട്ടീഷ് സുരക്ഷാവിഭാഗത്തെ ഉദ്ധരിച്ച് ലണ്ടൻ ടൈംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. മറ്റുരാജ്യങ്ങളിലും പ്രധാനമായി യൂറോപ്യൻ രാജ്യങ്ങളിലുമാണ് ഐസിസ് ആക്രമണം നടത്താൻ സാദ്ധ്യതയുള്ളത്. സിറിയ, ഇറാഖിലും ശക്തി ക്ഷയിച്ച ഐസിസ് ഇവിടങ്ങളിലെ ശ്രദ്ധ കുറച്ച് മറ്റ് രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന 'സ്ലീപ്പിംഗ് സെല്ലുകൾ' ശക്തിപ്പെടുത്താനാണ് ശ്രമിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.
'സിറിയയിലും ഇറാഖിലും ശക്തി ക്ഷയിച്ച ഐസിസ് ഈ രാജ്യങ്ങൾക്ക് പുറത്ത് ആക്രമണം വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. മറ്റു രാജ്യങ്ങളിലെ ഐസിസ് ശാഖകൾ കൂടുതൽ ശക്തിപ്രാപിക്കും. അതുകൊണ്ടു തന്നെ ശ്രീലങ്കയിലെ ആക്രമണം ഒരു ടെസ്റ്റ് റണ്ണാണ്. ഭാവിയിൽ പല രാജ്യങ്ങളിലും ഐസിസ് ആക്രമണമുണ്ടാകുമെന്ന് റിപ്പോർട്ടിലുണ്ട്.
മിക്ക രാജ്യങ്ങളിലും ഐസിസുമായി ബന്ധമുള്ള സംഘടനകൾ പ്രവർത്തിക്കുന്നുണ്ടെന്ന് സുരക്ഷാഏജൻസികൾ പറയുന്നത്. ശ്രീലങ്കയിൽ ആക്രമണം നടത്തിയ നാഷണൽ തൗഹീദ് ജമാഅത്ത് എന്ന സംഘടന തികച്ചും പ്രാദേശികമായി പ്രവർത്തിക്കുന്നതായിരുന്നു.
ലണ്ടന്‍ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ഭീകരവാദി അബ്ദുൾ ലത്തീഫ് ജമീൽ മുഹമ്മദുമായി ശ്രീലങ്കൻ സ്ഫോടനത്തിന് ബന്ധമുണ്ടോ എന്നതും ബ്രിട്ടനിലെ സുരക്ഷ ഉദ്യോഗസ്ഥർ പരിശോധിക്കുകയാണ്. ഭീകരവാദി ജിഹാദി ജോണിന്റെ മെന്ററായിരുന്നു ഇയാൾ.