virus-movie

ഏറെ നാളുകൾക്ക് ശേഷം ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് വെെറസ്. നീണ്ട ഇടവേളകൾക്ക് ശേഷം പൂർണിമ ഇന്ദ്രജിത്ത് അഭിനയ രംഗത്തേക്ക് തിരിച്ച് വരുന്ന ചിത്രം കൂടിയാണിത്. അതേസമയം തുറമുഖം എന്ന ചിത്രത്തിലും താരം അഭിനയിക്കുന്നുണ്ട്. ഭർത്താവ് ഇന്ദ്രജിത്തും ചിത്രത്തിൽ അഭിനയിക്കുന്നുണ്ടെന്നതും പ്രത്യേകതയാണ്. എന്നാൽ വൈറസിൽ പൂർണിമയ്ക്കൊപ്പം അഭിനയിക്കാൻ ഒരു ഷോട്ടുപോലും ആഷിഖ് തന്നില്ലെന്നാണ് ഇന്ദ്രജിത്ത് പറയുന്നത്.

ഖത്തറിൽ റേഡിയോ സുനോയുടെ ആഭിമുഖ്യത്തിൽ നടന്ന ‘വൈറസി’ന്റെ ട്രെയിലർ ലോഞ്ചിനിടെയായിരുന്നു ഇന്ദ്രജിത്തിന്റെ രസകരമായ പ്രതികരണം. നീണ്ട ഒരിടവേളയ്ക്ക് ശേഷം ഭർത്താവിനൊപ്പം ഒരുമിച്ച് അഭിനയിക്കുന്നു. നിങ്ങളെ ഇന്നെ വരെ ഒന്നിച്ച് സ്ക്രീനിൽ കണ്ടില്ല. ഈ സിനിമയിൽ എങ്കിലും നിങ്ങളെ ഒരുമിച്ച് കാണാനാവുമോ,” എന്ന പൂർണിമയോടുള്ള അവതാരകന്റെ ചോദ്യത്തിന് ഉത്തരം നൽകുകയായിരുന്നു ഇന്ദ്രജിത്ത്.

” ആ ഒരു വിഷമം മാത്രമേയുള്ളൂ. ഈ സിനിമയിൽ ആഷിഖ് എനിക്ക് ഒരു ഷോട്ടുപോലും പൂർണിമയുടെ കൂടെ തന്നില്ല. ഒരു സീനിൽ പോലും ഞങ്ങളൊരുമിച്ചില്ല. ഇതിനു പുറമെ ‘തുറമുഖം’ എന്ന രാജീവ് രവി ചിത്രത്തിലും ഞങ്ങൾ ഒന്നിച്ച് അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. അതിലും ഒരു കോമ്പിനേഷൻ സീൻ പോലുമില്ല,” ഇന്ദ്രജിത്ത് പറഞ്ഞു. തുടർന്ന് ‘ആഷിഖ് അത്ര ക്രൂരനാണോ എന്ന അവതാരകന്റെ ചോദ്യത്തിന് ഞാനത് മനപൂർവ്വം ചെയ്തതാണെന്ന ആഷിഖ് ചിരിച്ച് കൊണ്ട് മറുപടി പറഞ്ഞു.