rajapaksa

കൊളംബോ: ശ്രീലങ്കയിൽ ഭീകരരെ നേരിടാൻ ഇന്ത്യയുടെ എൻ.എസ്.ജി കമാൻഡോകളെ ആവശ്യമില്ലെന്ന് ശ്രീലങ്കൻ മുൻ പ്രസിഡന്റ് മഹീന്ദ രാജപക്‌സെ. ഈ വാഗ്ദാനത്തിന് ഇന്ത്യയോട് നന്ദിയുള്ളവരായിരിക്കുമെന്നും രാജപക്‌സെ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഇന്ത്യയോട് ഏറെ നന്ദിയുണ്ട്. പക്ഷെ എസ്.എൻ.ജി ശ്രീലങ്കയിലേക്ക് വരേണ്ടതില്ല. വിദേശ പട്ടാളക്കാരുടെ സേവനം ഞങ്ങൾക്ക് ആവശ്യമില്ല. ഞങ്ങളുടെ സൈന്യം പ്രാപ്തിയുള്ളവരാണ്. ഞങ്ങൾ അവർക്ക് അധികാരവും സ്വാതന്ത്രവും കൊടുത്താൽ മാത്രം മതി. രാജപക്‌സെ വ്യക്തമാക്കി. അതേസമയം, പ്രസിഡന്റ് മൈത്രിപാല സിരിസേനയും പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയുമാണ് ശ്രീലങ്കയിൽ നടന്ന ഭീകരാക്രമണത്തിനും 250ലധികം ആളുകളുടെ മരണത്തിനും ഉത്തരവാദികളെന്നും രാജപക്‌സെ ആരോപിച്ചു.

ഇരുവരും രാഷ്ട്രീയം കളിക്കുന്നതിന്റെ തിരക്കിലായപ്പോൾ വില കൊടുക്കേണ്ടി വന്നത് രാജ്യസുരക്ഷയാണ്. രാജ്യത്ത് ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് എല്ലാവർക്കുമറിയാം. പക്ഷെ ചിലർക്ക് ആശങ്ക വോട്ടിലും വോട്ട് ബാങ്കുകളിലും മാത്രമാണ്. രാജപക്‌സെ പറഞ്ഞു.