-indonesia-elections

ജക്കാർത്ത: ഇന്തോനേഷ്യയിലെ തിരഞ്ഞെടുപ്പിന് ശേഷം 272 തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ മരിച്ചതായി റോയിട്ടേഴ്സിന്റെ റിപ്പോർട്ട്. ഒറ്റദിവസം കൊണ്ട് പൂർത്തീകരിച്ച ലോകത്തിലെ ഏറ്റവും വലിയ ദേശീയ തിരഞ്ഞെടുപ്പ് എന്ന് വിശേഷിപ്പിക്കപ്പെട്ട തിരഞ്ഞെടുപ്പാണ് ഇവിടെ നടന്നത്. അമിതജോലിഭാരംമൂലമുണ്ടായ ആരോഗ്യപ്രശ്നങ്ങളെത്തുടർന്നാണ് ഉദ്യോഗസ്ഥർ മരിച്ചതെന്നാണ് വിവരം. ലക്ഷക്കണക്കിന് ബാലറ്റ് പേപ്പറാണ് ഒറ്റദിവസംകൊണ്ട് ഇവർക്ക് എണ്ണിത്തീർക്കേണ്ടിവന്നത്. ഏപ്രിൽ 17നായിരുന്നു ഇന്തോനേഷ്യയിലെ വൊട്ടെടുപ്പ്.

രാജ്യത്ത് ആദ്യമായിട്ടാണ് ഒറ്റദിവസം കൊണ്ട് വോട്ടെടുപ്പ് പൂർത്തിയായത്. ചെലവ് കുറയ്ക്കൽ ലക്ഷ്യമിട്ടായിരുന്നു ഇത്. 800000 പോളിംഗ് സ്റ്റേഷനുകളിലായി ആകെയുള്ള 193 ദശലക്ഷം വോട്ടർമാരുടെ 80 ശതമാനം പേരും വോട്ട് രേഖപ്പെടുത്തിയതായാണ് അധികൃതർ നൽകുന്ന വിവരം. പ്രസിഡൻഷ്യൽ, ദേശീയ, പ്രാദേശികവോട്ടെടുപ്പ് ഒന്നിച്ചായിരുന്നു നടന്നത്. ഇതിനായി ഓരോ വോട്ടർക്കും അഞ്ച് ബാലറ്റ് പേപ്പർവീതമാണ് നൽകിയിരുന്നത്.

തിരഞ്ഞെടുപ്പിന് ശേഷം നടന്ന കൈകൊണ്ടുള്ള വോട്ടെണ്ണലാണ് ഉദ്യോഗസ്ഥരുടെ കൂട്ടമരണത്തിനിടയാക്കിയത്. ശനിയാഴ്ച രാത്രി വരെയുള്ള കണക്കുകനുസരിച്ച് വോട്ടെണ്ണലിന്റെ ചുമതലയുണ്ടായിരുന്ന 272 ഉദ്യോഗസ്ഥർ അമിത ജോലിഭാരം മൂലമുണ്ടായ അസുഖങ്ങളാൽ മരണപ്പെട്ടതായി തിരഞ്ഞെടുപ്പ് കമ്മീഷൻ വക്താവായ അരീഫ് പ്രിയോ സുസാന്റോ പറഞ്ഞു. കൂടാതെ 1,878 ഉദ്യോഗസ്ഥർ രോഗബാധിതരായതായും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ഉദ്യോഗസ്ഥരുടെ മരണത്തെത്തുടർന്ന് തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ വ്യാപക വിമർശമാണ് ഉയരുന്നത്. യാതൊരുവിധ മുൻകരുതലും എടുക്കാതെയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരെ കൊണ്ട് അടിമപ്പണി ചെയ്യിപ്പിച്ചതെന്ന് പ്രതിപക്ഷവും ആരോപിച്ചു.

 നഷ്ടപരിഹാരം, വിമർശനം

തിരഞ്ഞെടുപ്പ് ജോലി ചെയ്തതിനെത്തുടർന്ന് ശാരീരിക അവശതകൾ നേരിടുന്ന ഉദ്യോഗസ്ഥർക്ക് രാജ്യത്തെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും മികച്ച ചികിത്സ നൽകണമെന്നാവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് ഉത്തരവിറക്കി. മരിച്ച ഉദ്യോഗസ്ഥരുടെ കുടുംബങ്ങൾക്ക് ധനവകുപ്പ് നഷ്ടപരിഹാരം നൽകും.