ന്യൂഡൽഹി: ബി.ജെ.പിക്കും കോൺഗ്രസിനും ഏറെ നിർണായകമായ നാലാംഘട്ട പോളിംഗ് നാളെ നടക്കും. 72 മണ്ഡലങ്ങളാണ് നാളെ പോളിംഗ് ബൂത്തിലെത്തുന്നത്. ഭരണം ആരുപിടിക്കും എന്നത് നിർണയിക്കുന്ന നാലാം ഘട്ടത്തിൽ 12 കോടി 79 ലക്ഷം വോട്ടർമാരാണ് വിധിയെഴുതുന്നത്. കോൺഗ്രസും ബി.ജെ.പിയും നേരിട്ട് ഏറ്റുമുട്ടുന്ന രാജസ്ഥാനിലും മദ്ധ്യപ്രദേശിലും നാളെയാണ് വോട്ടെടുപ്പ് നടക്കുന്നത്.
എസ്‍.പി - ബി.എസ്‍.പി സഖ്യം വെല്ലുവിളി ഉയർത്തുന്ന ഉത്തർപ്രദേശിലും നാളെയാണ് വോട്ടെടുപ്പ്. മോദി ഫാക്ടറിലാണ് ഉത്തർപ്രദേശിലും ബി.ജെ.പിയുടെ വിജയം പ്രതീക്ഷിക്കുന്നത്..2014-ൽ ബി.ജെ.പി തൂത്തുവാരിയ സീറ്റുകളാണ് ഈ ഘട്ടത്തിൽ പലതും. നാലാംഘട്ടത്തിൽ പോളിംഗ് ബൂത്തിലേക്ക് പോകുന്ന 72 സീറ്റുകളിൽ 56-ഉം എൻ.ഡി.എ സഖ്യം നേടിയിരുന്നു. കോൺഗ്രസിന് ആകെ രണ്ട് സീറ്റുകളാണ് കിട്ടിയത്. ബാക്കി 14 സീറ്റുകൾ തൃണമൂൽ കോൺഗ്രസിനും ബിജു ജനതാദളിനും വിഭജിച്ച് പോയി.
961 സ്ഥാനാർത്ഥികളാണ് ഈ ഘട്ടത്തിൽ ജനവിധി തേടുന്നത്. ആകെ 12.79 കോടി വോട്ടർമാർ ഈ ഘട്ടത്തിൽ പോളിംഗ് ബൂത്തിലെത്തും. കേന്ദ്രമന്ത്രിമാരായ ഗിരിരാജ് സിംഗ്, സുഭാഷ് ഭാംരെ, എസ്.എസ് അലുവാലിയ, ബാബുൽ സുപ്രിയോ - കോൺഗ്രസിൽ നിന്നുള്ള മുൻ കേന്ദ്രമന്ത്രിമാരായ സൽമാൻ ഖുർഷിദ്, അധിർ രഞ്ജൻ ചൗധുരി എന്നിവർ ഈ ഘട്ടത്തിൽ ജനവിധി തേടുന്നു.
സി.പി.ഐയുടെ വിദ്യാർത്ഥി നേതാവായ കനയ്യ കുമാർ ബെഗുസരായിയിൽ കേന്ദ്രമന്ത്രി ഗിരിരാജ് സിംഗിനെ നേരിടും. മുംബയ് നോർത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി ചലച്ചിത്രതാരം ഊർമിളാ മഠോൺകർ ജനവിധി തേടുന്നു. എസ്‍.പിയുടെ ഡിംപിൾ യാദവ്, തൃണമൂലിന്റെ ശതാബ്ദി റോയ്, കോൺഗ്രസ് മഹാരാഷ്ട്ര പി.സി.സി അദ്ധ്യക്ഷൻ മിലിന്ദ് ദേവ്‍റ എന്നിവരാണ് ജനവിധി തേടുന്ന മറ്റ് പ്രമുഖർ.
മഹാരാഷ്ട്രയിൽ 17 സീറ്റുകളിലെ വോട്ടെടുപ്പോടെ തിരഞ്ഞെടുപ്പിന്റെ എല്ലാഘട്ടവും പൂർത്തിയാവും. ഈ ഘട്ടത്തിൽ പോളിംഗ് ബൂത്തിലേക്ക് പോകുന്ന 17 സീറ്റുകളും 2014-ൽ ബിജെപി - ശിവസേന സഖ്യം തൂത്തുവാരിയതാണ്.
രാജസ്ഥാനിൽ 13 സീറ്റുകളാണ് പോളിംഗ് ബൂത്തിലെത്തുക. 2014-ൽ എല്ലാ സീറ്റുകളും ബിജെപി തൂത്തുവാരിയ രാജസ്ഥാനിൽ പക്ഷേ ഇത്തവണ സ്ഥിതി വ്യത്യസ്തമാണ്. 2018-ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നേരിയ ഭൂരിപക്ഷത്തിൽ കോൺഗ്രസ് ഇവിടെ ഭരണത്തിലെത്തിയത് അവർക്ക് ആത്മവിശ്വാസം പകരുന്നു.
13 സീറ്റുകളാണ് ഉത്തർപ്രദേശിലും പോളിംഗ് ബൂത്തിലെത്തുന്നത്. എല്ലാ സീറ്റുകളിലും ബി.ജെ.പിയും എസ്‍.പി - ബി.എസ്‍.പി സഖ്യമാണ് നേർക്കു നേർ ഏറ്റുമുട്ടുന്നത്. 2014-ൽ ഈ 13 സീറ്റുകളിൽ 12-ഉം ബി.ജെ.പിയാണ് നേടിയത്.
ഒഡിഷയിലും ഇപ്പോൾ പോളിംഗ് ബൂത്തിലെത്തുന്ന ആറ് സീറ്റുകളോടെ തിരഞ്ഞെടുപ്പ് പൂർത്തിയാവും. ബി.ജെ.പിയും കോൺഗ്രസും ബിജു ജനതാദളും തമ്മിലാണ് പ്രധാനപോരാട്ടം. 41 നിയമസഭാ മണ്ഡലങ്ങളിലും ഈ ഘട്ടത്തിൽ ഇവിടെ തിരഞ്ഞെടുപ്പ് നടക്കുന്നു.
ബിഹാറിൽ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സീറ്റുകളും നിലനിർത്താൻ ബി.ജെ.പി ശ്രമിക്കുമ്പോൾ ആർ.ജെ.ഡി - കോൺഗ്രസ് സഖ്യം കടുത്ത മത്സരവുമായി രംഗത്തുണ്ട്. ബി.ജെ.പി സർക്കാർ അധികാരത്തിലിരിക്കുന്ന ജാർഖണ്ഡിൽ ഈ ഘട്ടത്തിൽ മൂന്ന് സീറ്റുകളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.തൃണമൂൽ - ബിജെപി - കോൺഗ്രസ് - ഇടത് പോരാട്ടമാണ് ഇത്തവണ പശ്ചിമബംഗാളിൽ നടക്കുന്നത്. ആകെ എട്ട് സീറ്റുകളിലാണ് ഇത്തവണ തെരഞ്ഞെടുപ്പ് നടക്കുന്നത്.
ജമ്മു കശ്മീരിൽ രണ്ട് തവണയായി ഒരു മണ്ഡലത്തിൽ തിരഞ്ഞടുപ്പ് നടത്തുകയാണ് അനന്ത് നാഗ് മണ്ഡലത്തിൽ. അനന്ത് നാഗിലെ രണ്ടാം ഘട്ട തെരഞ്ഞെടുപ്പാണ് ഇന്ന്.