ബാഴ്സലോണയ്ക്ക് സ്പാനിഷ് ലാലിഗ കിരീടം
മാഡ്രിഡ് : ബാഴ്സലോണ ആരാധകരുടെ കാത്തിരിപ്പിന് അറുതി നൽകി മൂന്ന് മത്സരങ്ങൾ ശേഷിക്കേ ബാഴ്സലോണ സ്പാനിഷ് ലാലിഗ കിരീടം സ്വന്തമാക്കി. കഴിഞ്ഞ രാത്രി നടന്ന മത്സരത്തിൽ ലെവാന്റെയെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കിയാണ് ബാഴ്സ കിരീടം ഉറപ്പിച്ചത്. 62-ാം മിനിട്ടിൽ ലയണൽ മെസിയാണ് വിജയ ഗോളടിച്ചത്.
ഈ വിജയത്തോടെ ബാഴ്സലോണയ്ക്ക് 35 മത്സരങ്ങളിൽ നിന്ന് 83 പോയിന്റായി. രണ്ടാംസ്ഥാനത്തുള്ള അത്‌ലറ്റിക്കോ മാഡ്രിഡിന് 74 പോയിന്റേയുള്ളൂ. ഇനി മൂന്ന് മത്സരങ്ങളാണ് അത്‌ലറ്റിക്കോയ്ക്കുമുള്ളത്.
മെസി @ 10
ബാഴ്സലോണയുടെ സൂപ്പർ താരം ലെയണൽ മെസി സ്വന്തമാക്കുന്ന പത്താം ലാലിഗ കിരീടമാണിത്.
10 ലാലിഗ കിരീടങ്ങൾ നേടുന്ന ആദ്യ ബാഴ്സലോണ താരവും മെസി തന്നെ.
2005 ൽ തന്റെ 17-ാം വയസിലാണ് മെസി ബാഴ്സയ്ക്കൊപ്പം ആദ്യ ലാലിഗ കിരീടം നേടുന്നത്.
26
ലാലിഗ കിരീടങ്ങളാണ് ബാഴ്സലോണ ഇതുവരെ സ്വന്തമാക്കിയിട്ടുള്ളത്.
33
ലാലിഗ കിരീടങ്ങൾ ബാഴ്സയുടെ ചിര വൈരിയായ റയൽ മാഡ്രിഡ് നേടിയിട്ടുണ്ട്.
12
തവണ ലാലിഗ കിരീടം റയൽ മാഡ്രിഡ് താരമായ പാക്കോ ജെന്റോ നേടിയിട്ടുണ്ട്. മറ്റൊരു റയൽ താരം പിരി 10 തവണയും.
13
പ്രിമിയർ ലീഗ് കിരീടങ്ങൾ നേടിയ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ റയാൻ ഗിഗ്സാണ് യൂറോപ്യൻ ടോപ് ഫൈവ് ലീഗുകളിലെ കിരീടനേട്ടത്തിൽ റെക്കാഡിന് ഉടമ.
ഞങ്ങളുടെ എല്ലാ വിജയങ്ങളുടെയും കേന്ദ്രബിന്ദു ലയണൽ മെസിയാണ്.
ഏണസ്റ്റോ വൽവെർജ
ബാഴ്സലോണ കോച്ച്