alappuzha

കൊച്ചി: ആലപ്പുഴ പട്ടണക്കാട് ഒന്നേകാൽ വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മയെ അറസ്റ്റുചെയ്തു.

പട്ടണക്കാട് കൊല്ലംവെള്ളി കോളനിയിൽ ഷാരോണിന്റെ ഭാര്യ ആതിരയെയാണ് അറസ്റ്റ് ചെയ്തത്. കൊലയ്ക്ക് കാരണമെന്താണെന്നു പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്താൻ കഴിഞ്ഞില്ലെന്നു ചേർത്തല എ.എസ്.പി പറഞ്ഞു. രണ്ടു മാസം മുൻപ് ഭർത്താവിന്റെ അമ്മയെ ആക്രമിച്ച കേസിൽ കുഞ്ഞിനൊപ്പം 6 ദിവസം റിമാൻഡിൽ ആയിരുന്നു ആതിര.

ശ്വാസം മുട്ടിയാണ് കുട്ടി മരിച്ചതെന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതോടെയാണ് അന്വേഷണം അമ്മയിലേക്ക് തിരിഞ്ഞത്. കുട്ടിയുടെ സംസ്കാരത്തിന് തൊട്ടുപിന്നാലെ ഉച്ചയ്ക്ക് ആതിരയെ കസ്റ്റഡിയിൽ എടുത്തു. ഭർത്താവ് ഷാരോണിനെയും ഭർതൃ മാതാപിതാക്കളെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. മൂന്നു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിലാണ് ആതിര കുറ്റംസമ്മതിച്ചത്. ആതിര കുഞ്ഞിനെ ഉപദ്രവിച്ചിരുന്നതായി ഭർതൃ മാതാവ് കുറ്റപ്പെടുത്തി .

കഴിഞ്ഞ ദിവസം വൈകുന്നേരമാണ് കുഞ്ഞിനെ മരിച്ച നിലയിൽ വീട്ടിൽ കണ്ടത്. ഉറങ്ങിക്കിടന്നതിനുശേഷം ചലനമില്ലാതിരുന്ന കുട്ടിയെ ബന്ധുക്കളും പ്രദേശവാസികളും ചേർന്ന് കഴിഞ്ഞ ദിവസം ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു . ശ്വാസം നിലച്ച് പോയതാണെന്നാണ് മാതാപിതാക്കൾ ആശുപത്രിയിൽ പറഞ്ഞത്. സാധാരണ ഒരുവയസിൽ താഴെയുള്ള കുട്ടികൾക്കാണ് ഇത്തരത്തിൽ സംഭവിക്കാറ്. തുടർന്ന് ഡോക്ടർ സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് പട്ടണക്കാട് പൊലീസെത്തി വിശദമായ പരിശോധന നടത്തി.പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയിൽ ചുണ്ടിലെ പാടൊഴികെ കുട്ടിയുടെ ശരീരത്തിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായിരുന്നില്ല. കുട്ടി ഉച്ചവരെ കോളനിയിൽ ഓടിക്കളിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു. ഇതും സംശയത്തിന് ഇടയാക്കിയിരുന്നു. എന്നാൽ ഇന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പൊലീസ് സർജന്റെ സാന്നിദ്ധ്യത്തിൽ നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് കുട്ടി ശ്വാസം കിട്ടാതെയാണ് മരിച്ചതെന്ന് വ്യക്തമായത്.

അമ്മ കുട്ടിയെ നിരന്തരം മർദ്ദിക്കുമായിരുന്നുവെന്നും കൊല്ലുമെന്ന് നിരന്തരം ഭീഷണി മുഴക്കുമായിരുന്നുവെന്നുമാണ് അയൽവാസിയും വെളിപ്പെടുത്തിയിരുന്നു. കുട്ടിയ്‌ക്ക് രണ്ട് മാസം പ്രായമുള്ളപ്പോൾ ക്രൂരമായി മർദ്ദിച്ച് അവശയാക്കി. ഇക്കാര്യത്തിൽ താൻ പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിരുന്നു. അന്ന് പൊലീസ് സ്‌റ്റേഷനിൽ വച്ച് ഒത്തുതീർപ്പാക്കി വിടുകയായിരുന്നുവെന്നും ഇയാൾ പറയുന്നു.