ന്യൂഡൽഹി: പതിനേഴാം ലോക്‌സഭയിലേക്കുള്ള നാലാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 72 മണ്ഡലങ്ങളിൽ നിന്നായി 957 സ്ഥാനാർത്ഥികളാണ് നാലാം ഘട്ടത്തിൽ മാറ്റുരയ്‌ക്കുന്നത്. ഇതിൽ കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്, സി.പി.ഐ യുവനേതാവ് കനയ്യ കുമാർ, അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിൾ യാദവ്, മദ്ധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിന്റെ മകൻ നകുൽനാഥ്, മദ്ധ്യപ്രദേശ് ബി.ജെ.പി. അദ്ധ്യക്ഷൻ രാകേഷ് സിംഗ്, പ്രമോദ് മഹാജന്റെ മകൾ പൂനം മഹാജൻ, സുനിൽദത്തിന്റെ മകൾ പ്രിയാദത്ത്, നടി ഊർമിള മാതോഡ്കർ എന്നിവരാണ് മത്സരിക്കുന്ന പ്രമുഖർ.
മൂന്ന് ഘട്ടമായി വോട്ടെടുപ്പു നടക്കുന്ന ജമ്മു കാശ്‌മീരിൽ അനന്ത്നാഗ് മണ്ഡലത്തിലെ ഏതാനും ബൂത്തുകളിലും ഇന്നു പോളിംഗ് നടക്കും. മേയ് 6 നാണ് 5–ാം ഘട്ട വോട്ടെടുപ്പ്. 12നും 19നുമായി ആറും ഏഴും ഘട്ടങ്ങളും നടക്കുന്നതോടെ വോട്ടെടുപ്പു പൂർത്തിയാവും. ഇതുകൂടാതെ, ഒഡിഷ നിയമസഭയിലെ ശേഷിച്ച 41 സീറ്റുകളിലേക്കും തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കും.