isis

കാസർകോട്: ശ്രീലങ്കയിലെ ചാവേർ സ്‌ഫോടനങ്ങളുടെ മുഖ്യസൂത്രധാരനും നാഷണൽ തൗഹിദ് ജമാഅത്ത് നേതാവുമായിരുന്ന സഹ്രാൻ ഹാഷിം (40) കേരളത്തിൽ താമസിച്ചിരുന്നതായി വെളിപ്പെട്ടതോടെ ഭീകരശൃംഖലയുടെ സംസ്ഥാനത്തെ കണ്ണികൾ തേടി എൻ.ഐ.എ. ശ്രീലങ്കയിൽ മൂന്നൂറിലധികം പേരുടെ മരണത്തിന് കാരണമായ ചാവേർ ആക്രമണങ്ങളുടെ ബുദ്ധി കേന്ദ്രമായ സഹ്രാൻ ഹാഷിം മത പ്രഭാഷകനായിട്ടാണ് കേരളത്തിൽ താമസിച്ചിരുന്നതെന്ന വിവരം ലഭിച്ചിട്ടുണ്ട്. ഇയാൾ കൊളംബോയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ നടത്തിയ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടിരുന്നു.

ശ്രീലങ്കയിലെ സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി നിരീക്ഷിക്കുന്ന മലയാളികളിൽ ഭൂരിപക്ഷവും മലബാർ മേഖലയിലുള്ളവരാണ്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ താമസക്കാരായ ഇവർക്ക് ശ്രീലങ്കൻ സ്‌ഫോടനം ആസൂത്രണം ചെയ്ത തൗഹീദ് ജമാഅത്ത് സംഘടനയുമായി ബന്ധമുണ്ടെന്നാണ് സൂചന.

ഐസിസിൽ ചേരാൻ കാസർകോട്ട് നിന്ന് സിറിയയിലേക്കും അഫ്ഗാനിസ്ഥാനിലേക്കും പോയവരും ഇപ്പോഴും ആളുകളെ റിക്രൂട്ട് ചെയ്യാനും അവരെ സഹായിക്കാക്കാനും കാസർകോട്ട് തങ്ങുന്നവരും കൂട്ടത്തിലുണ്ട്. ഐസിസിൽ ചേരാൻ പോയവരിൽ അധികവും ആദ്യം ശ്രീലങ്കയിലേക്കാണ് പോയതെന്ന് എൻ.ഐ.എ കണ്ടെത്തിയിരുന്നു. ശ്രീലങ്കയിൽ തൗഹീദ് ജമാഅത്തിന്റെ ആളുകളുടെ ശിക്ഷണത്തിന് ശേഷമാണ് അഫ്ഗാനിസ്ഥാനിലേക്കും സിറിയയിലേക്കും പോകുന്നത്.

ശ്രീലങ്കയിൽ മതപഠനത്തിന് പോയതാണെന്നാണ് തൃക്കരിപ്പൂരിലെ അബ്ദുൽ റഷീദ്, അബ്ദുള്ള, പടന്നയിലെ അസ്ഫാഖ് മജീദ് തുടങ്ങിയ ഐസിസ് റിക്രൂട്ട്‌മെന്റ് ഏജന്റ്മാർ ബന്ധുക്കളെ അറിയിച്ചിരുന്നത്. സ്‌ഫോടനത്തിന്റെ സൂത്രധാരനായ ഹാഷിമുമായി കാസർകോട്ടെ ഐസിസിൽ ചേർന്നവർക്ക് നേരിട്ട് ബന്ധമുണ്ടായിരുന്നു എന്നാണ് സൂചന. കേരളത്തിലെ ചില സലാഫി മൗലവിമാരുടെ പ്രസംഗവും ഹാഷിമിന്റെ പ്രഭാഷണവും തമ്മിൽ സാമ്യമുണ്ടായിരുന്നു എന്നാണ് എൻ.ഐ.എ നിഗമനം.

ഭീകരരെ റിക്രൂട്ട് ചെയ്യുന്ന ഏജൻസിയായും സംഘടന പ്രവർത്തിച്ചിരുന്നു. ഇവരെയെല്ലാം പരസ്പരം ബന്ധിപ്പിക്കുന്ന ഐസിസ് സ്ലീപ്പർ സെൽ കേരളത്തിൽ സജീവമാണെന്ന് എൻ. ഐ.എ കണ്ടെത്തിയിട്ടുണ്ട്. സമൂഹ മാദ്ധ്യമങ്ങൾ വഴിയാണ് ഇവരുടെ പ്രവർത്തനം.

2016 ൽ മധുരയിലും കോയമ്പത്തൂരിലും നടത്തിയ രഹസ്യയോഗങ്ങളിൽ കേരളത്തിൽ നിന്ന് 60 മലയാളികൾ പങ്കെടുത്തിരുന്നു. ഇന്റർപോൾ തേടുന്ന കാസർകോട് സ്വദേശികളും ശ്രീലങ്ക സന്ദർശിച്ചതിനു തെളിവുകളുണ്ട്.