പനാജി: ഗോവ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ അന്തരിച്ച മുൻ ഗോവ മുഖ്യമന്ത്രി മനോഹർ പരിക്കറുടെ മകന് സീറ്റ് നിഷേധിച്ച് ബി.ജെ.പി. പരീക്കറുടെ മരണത്തെത്തുടർന്ന് ഒഴിവുവന്ന പനാജി നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിലാണ് അദ്ദേഹത്തിന്റെ മകൻ ഉത്പലിന് സീറ്റ് നിഷേധിച്ചത്.
പനാജിയിൽ ഉത്പൽ ബി.ജെ.പി സ്ഥാനാർത്ഥിയാകുമെന്ന് നേരത്തേ സൂചനകളുണ്ടായിരുന്നെങ്കിലും മുൻ എം.എൽ.എയായ സിദ്ധാർത്ഥ് കുൻകലിയേൻങ്കറിനെയാണ് ബി.ജെ.പി തങ്ങളുടെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. അണികൾക്കിടയിൽ ഏറെ സ്വാധീനമുള്ള നേതാവാണ് സിദ്ധാർത്ഥ് കുൻകലിയേങ്കർ. പനാജി മണ്ഡലത്തിൽ നിന്നും പരീക്കറുടെ പിന്തുണയോടെ സിദ്ധാർത്ഥ് രണ്ടു തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
അതേസമയം, തനിക്ക് സ്ഥാനാർത്ഥിത്വം ലഭിക്കുമെന്നു കരുതി ഉത്പൽ മണ്ഡലത്തിൽ പ്രചാരണം ആരംഭിച്ചിരുന്നു. പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾ സിദ്ധാർത്ഥിനെ പിന്തുണച്ചെങ്കിലും. മനോഹർ പരീക്കറുടെ പുത്രൻ എന്ന ഇമേജ് കൊണ്ടു മാത്രം പനാജിയിൽ ഉത്പലിന് വിജയിക്കാൻ കഴിയില്ലെന്നാണ് അവരുടെ പക്ഷം. എന്നാൽ ഇതിന്റെ പേരിൽ പാർട്ടി സംസ്ഥാന ഘടകത്തിൽ ഭിന്നതയില്ലെന്ന് കാണിച്ച് പാർട്ടി ഒദ്യോഗിക പത്രക്കുറിപ്പ് പുറത്ത് വിട്ടിരുന്നു.
മെയ്19 നാണ് പനാജിയിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് പാർട്ടിയിലും അണികൾക്കിടയിലും വലിയ തർക്കങ്ങൾ നിലനിന്നിരുന്നു. ഈ സാഹചര്യത്തിലാണ് പത്രിക സമർപ്പിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോൾ ബി.ജെ.പി തങ്ങളുടെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്.