-child-murder

ചേർത്തല: 15 മാസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ ശ്വാസംമുട്ടിച്ചുകൊന്ന സംഭവത്തിൽ അമ്മയുടെ മൊഴി രേഖപ്പെടുത്തി. കുഞ്ഞു കരഞ്ഞപ്പോൾ പെട്ടെന്നുണ്ടായ ദേഷ്യത്തിൽ ചെയ്തതാണെന്നും കൊല്ലാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും അബദ്ധം പറ്റിയാതാണെന്നും കുട്ടിയുടെ അമ്മ ആതിര മൊഴി നൽകി. അതേസമയം, അബദ്ധം പറ്റിയെന്ന് വരുത്തിതീർക്കാൻ ശ്രമമാണെന്നും, വീണ്ടും ചോദ്യം ചെയ്യുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

സംഭവത്തിൽ മറ്റാർക്കെങ്കിലും ബന്ധമുണ്ടോയെന്നുള്ള അന്വേഷണത്തിനാണു നീക്കം. ആതിര ആദിഷയെ കൈ കൊണ്ടു ശ്വസം മുട്ടിച്ചു കൊന്നെങ്കിൽ എന്തെങ്കിലും പാടുകൾ കുഞ്ഞിന്റെയോ അമ്മയുടെയോ ദേഹത്തുണ്ടാകും. തലയിണ ഉപയോഗിച്ചു ശ്വാസം മുട്ടിക്കാനുള്ള സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്. കുഞ്ഞ് മരിച്ചതിനു ശേഷവും സങ്കടമില്ലാതെയാണ് ആതിര നിന്നതെന്നു നാട്ടുകാർ പറയുന്നു. മരണം സ്ഥിരീകരിച്ച ശനിയാഴ്ച രാത്രി വീട്ടിൽ നിന്നു മാറാനുള്ള ആതിരയുടെ ശ്രമം പൊലീസ് ഇടപെട്ടു തടഞ്ഞതാണ്. കുഞ്ഞിന്റെ സംസ്‌കാര സമയം വരെ പൊലീസ് നിരീഷണത്തിലായിരുന്ന ആതിരയെ പിന്നീട് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുകയായിരുന്നു.

ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് ആതിരയും അയൽവാസികളും ചേർന്ന്, കിടപ്പുമുറിയിൽ ചലനമറ്റു കിടന്ന കുട്ടിയെ ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. കുട്ടി മരിച്ച നിലയിലായിരുന്നു. ഡോക്ടർ സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് പട്ടണക്കാട് പൊലീസ് വിശദമായ അന്വേഷണം നടത്തി. ആതിരയിലേക്കായിരുന്നു പൊലീസിന്റെ ഒരു കണ്ണ്. ഇന്നലെ ആലപ്പുഴ മെഡി. ആശുപത്രിയിൽ പൊലീസ് സർജന്റെ സാന്നിദ്ധ്യത്തിലാണ് പോസ്റ്റ്മോർട്ടം നടത്തിയത്. പരിശോധനയിൽ ശ്വാസം മുട്ടിയാണ് കുട്ടി മരിച്ചതെന്ന് കണ്ടെത്തിയിരുന്നു.

തുടർന്ന് ഉച്ചയ്ക്ക് ഒരുമണിയോടെ കുട്ടിയുടെ സംസ്‌കാര ചടങ്ങിനുശേഷം പൊലീസ് ഷാരോണിനെയും ആതിരയെയും ഷാരോണിന്റെ അച്ഛനമ്മമാരായ ബൈജുവിനെയും പ്രിയയെയും സ്​റ്റേഷനിലെത്തിച്ചു ചോദ്യം ചെയ്തു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിൽ ആതിര കു​റ്റം സമ്മതിക്കുകയായിരുന്നു. തുണി കഴുകാൻ പോയതിനിടെ കുട്ടി നിലവിളിച്ചെന്നും കൈകൊണ്ട് മുഖം പൊത്തിയപ്പോൾ മരണം സംഭവിച്ചെന്നുമാണ് ആതിര ആദ്യം പൊലീസിനോടു പറഞ്ഞത്. പക്ഷേ, ഇതിൽ പിടിച്ചു നിൽക്കാൻ കഴിയാതെ കുറ്റം സമ്മതിക്കുകയായിരുന്നു.