അസൻസോൾ: ബംഗാളിലെ അസൻസോളിൽ വോട്ടെടുപ്പ് നടക്കുന്നതിനിടെ വിവിധ ബൂത്തുകളിൽ തൃണമൂൽ കോൺഗ്രസ്-ബി.ജെ.പി-സി.പി.എം പ്രവർത്തകർ തമ്മിൽ സംഘർഷം. മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ ബാബുൽ സുപ്രിയോയുടെ കാർ തൃണമൂൽ പ്രവർത്തകർ അടിച്ചുതകർത്തു. ബി.ജെ.പിയുടെ പോളിംഗ് ഏജന്റ് ബൂത്തിലെത്തിയില്ലെന്ന് ആരോപിച്ച് തുടങ്ങിയ സംഘർഷമാണു വ്യാപിച്ചത്.
199-ാം ബൂത്തിലാണ് സുപ്രിയോയുടെ കാർ അടിച്ചുതകർത്തത്. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ലാത്തിവീശുകയായിരുന്നു. 180ാംനമ്പർ ബൂത്തിലെ ബി.ജെ.പി ഏജന്റിനെ ബൂത്തിലിരിക്കാൻ അനുവദിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി സുപ്രിയോയും പോളിംഗ് ഓഫീസറും തമ്മിൽവാക്കേറ്റവുമുണ്ടായിരുന്നു. ഒരു പോളിംഗ് ബൂത്തിലും തങ്ങളുടെ ഏജന്റുമാരെ പ്രവേശിക്കാൻ അനുവദിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം 125-129 പോളിംഗ് ബൂത്തുകളിൽ ബി.ജെ.പി-സി.പി.ഐ.എം പ്രവർത്തകര്‍ തമ്മിൽ ഏറ്റുമുട്ടി. ഈ ബൂത്തുകളിൽ കേന്ദ്രസേനകൾ എത്തിയില്ലെന്നാരോപിച്ച് തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ പോളിംഗ് വൈകിപ്പിച്ചതാണു സംഘർഷത്തിലേക്കെത്തിയത്.