murder

ആലപ്പുഴ: ''എന്റെ കുഞ്ഞിനെ ഞാൻ തല്ലും കൊല്ലും നിങ്ങൾക്കെന്താ...?''​ കുഞ്ഞിനെ കൊലപ്പെടുത്തിയ അമ്മ വീട്ടിൽ അടിക്കടി ചോദിക്കുന്ന ചോദ്യമാണിത്. കുട്ടികൾക്ക് നേരെയുള്ള ക്രൂരതയുടെ മുഖമായി മാറിയിരിക്കുകയാണ് ആതിര എന്ന സ്ത്രീ. ചിരിക്കാനും അമ്മേയെന്ന് മാത്രം വിളിക്കാനറിയുന്ന നിഷ്കളങ്കയായ ആ കുഞ്ഞിനെ എങ്ങനെയാണ് കൊലപ്പെടുത്താൻ സാധിക്കുന്നതെന്ന ചോദ്യമാണ് എല്ലാവർക്കുമുള്ളത്. നേരത്തേ തൊടുപുഴയിലും, ആലുവയിലും സമാനമായ സംഭവങ്ങൾ കേരള മനസാക്ഷിയെ ഞെട്ടിച്ചിരുന്നു ഇതിന് പിന്നാലെയാണ് ആദിഷയുടെ മരണവും കണ്ണീരണിയിക്കുന്നത്.

അമ്മയെന്ന് വിളിക്കാൻ മാത്രമേ അവൾക്കറിയുമായിരുന്നുള്ളൂ. എത്ര അകറ്റി നിർത്തിയാലും പിച്ചവച്ച് അവൾ അമ്മയുടെ അരികിലേക്ക് എത്തുമായിരുന്നു. എത്ര തല്ലിയാലും അമ്മേയെന്ന് വിളിച്ചാണ് അവൾ കരയുന്നത്. അച്ഛൻ വഴക്കു പറഞ്ഞാലും അവൾ അമ്മയെ നോക്കി കരയും. എന്തിനാണെങ്കിലും അവൾക്ക് അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളു. എന്നിട്ടും നൊന്ത് പ്രസവിച്ച അമ്മ ഇത്തരത്തിലൊരു ക്രൂരത എന്തിനാണ് ചെയ്തതെന്ന ചോദ്യം ബാക്കിയാവുകയാണ്.

കുഞ്ഞിന്റെ അച്ഛൻ ഷാരോൺ രാവിലെ ചെമ്മീൻ കമ്പിനിയിൽ ജോലിക്കായി പോയാൽ വീട്ടിൽ അമ്മയും അമ്മൂമ്മയുമാണ് ആദിഷയ്ക്കൊപ്പം ഉണ്ടാവുക. അമ്മൂമ്മയ്ക്ക് അരികിലിരുന്നാവും അവളുടെ കൊഞ്ചലും,​ കളിയും,​ ചിരിയും,​ കരച്ചിലും എല്ലാം. പക്ഷേ കുഞ്ഞ് അമ്മുമ്മയുടെ അടുത്തിരിക്കുന്നത് ആതിരയ്ക്ക് തീരെ ഇഷ്ടമായിരുന്നില്ല. കുഞ്ഞ് അമ്മുമ്മയുടെ അടുത്തിരിക്കുന്നത് കണ്ടാലുടൻ ആതിര മകളെ അവിടെ നിന്ന് എടുത്ത് മാറ്റ‌ു‌ം.

കരഞ്ഞാൽ ഉടനെ ആതിര കുഞ്ഞിനെ ക്രൂരമായി മർദിക്കാറാണ് പതിവ്. തല്ലരുതെന്ന് പറഞ്ഞാൽ ഇവരുടെ മട്ട് മാറും പിന്നെ അമ്മുമ്മയുടെ നേരെയാവും ആക്രോശം. തല്ലരുതെന്ന് പറഞ്ഞതിന്റെ വാശിക്ക് ഇവർ കുഞ്ഞിനെ വീണ്ടും ഇവർ മദിക്കുകയും ചെയ്യും. ‘എന്റെ കുഞ്ഞിനെ ഞാൻ തല്ലും കൊല്ലും നിങ്ങൾക്കെന്താ’ എന്നാണ് ആതിര ചോദിക്കുന്നത്.

നേരത്തേയും ആതിരയ്ക്ക് ഇത്തരത്തിലൊരു ക്രൂര മുഖം ഉണ്ടെന്നാണ് പുറത്തുവരുന്ന വാർത്തകൾ. ഭർത്താവിന്റെ സഹോദരിയെ ആക്രമിച്ചതും,​ അമ്മായി അമ്മയെ ക്രൂരമായി മർദിച്ചതുമായി പലകാര്യങ്ങളും പുറത്തുവരികയാണ്. നേരത്തേ ഇവർ കുട്ടിയുമായി ആറ് ദിവസം ജയിലിൽ കിടന്നിട്ടുണ്ട്. കുഞ്ഞ് മരിച്ചിട്ടും ആതിരയ്ക്ക് യാതൊരു ഭാവഭേദവും ഇല്ലാതെയാണ് നിന്നതെന്ന് നാട്ടുകാർ വ്യക്തമാക്കിയിരുന്നു.

ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് ആതിരയും അയൽവാസികളും ചേർന്ന്, കിടപ്പുമുറിയിൽ ചലനമറ്റു കിടന്ന കുട്ടിയെ ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. കുട്ടി മരിച്ച നിലയിലായിരുന്നു. ഡോക്ടർ സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് പട്ടണക്കാട് പൊലീസ് വിശദമായ അന്വേഷണം നടത്തി. തുടർന്ന് പൊലീസ് സർജന്റെ സാന്നിദ്ധ്യത്തിൽ കുഞ്ഞിന്റെ പോസ്റ്റ‌ു‌മോർട്ടം നടത്തിയതിന് പിന്നാലെ ശ്വാസം മുട്ടിയാണ് ആദിഷ മരിച്ചതെന്ന് തെളിഞ്ഞു. തുടർന്ന് കുഞ്ഞിന്റ അച്ഛൻ ഷാരോണിനെയും അമ്മ ആതിരയെയും പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് പ്രതി കുറ്റ‌സമ്മതം നടത്തിയത്.

കുഞ്ഞു കരഞ്ഞപ്പോൾ പെട്ടെന്നുണ്ടായ ദേഷ്യത്തിൽ ചെയ്തതാണെന്നും കൊല്ലാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും അബദ്ധം പറ്റിയാതാണെന്നും കുട്ടിയുടെ അമ്മ ആതിര മൊഴി നൽകി. അതേസമയം, അബദ്ധം പറ്റിയതാണെന്ന് വരുത്തിതീർക്കാനുള്ള ശ്രമമാണെന്നും, പ്രതിയെ വീണ്ടും ചോദ്യം ചെയ്യുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി. കൊലപാതകത്തിന് പിന്നിൽ മറ്റാർക്കെങ്കിലും ബന്ധമുണ്ടോ എന്ന കാര്യവും പോലീസ് അന്വേഷിച്ച് വരികയാണ്.