കണ്ണൂർ : അമേരിക്കയിൽ ഉപരി പഠനത്തിനായി പോയ യുവാവിന്റെ വോട്ടും തിരഞ്ഞെടുപ്പിൽ പോൾ ചെയ്തു. കണ്ണൂർ മണ്ഡലത്തിലെ നൂറ്റിപതിനെട്ടാം നമ്പർ ബൂത്തിലാണ് സംഭവം. ഇവിടെ വോട്ടറായ മിഥുൻ ഗൗതം എന്ന യുവാവിന്റെ വോട്ടാണ് മറ്റൊരാൾ ചെയ്തത്. കള്ളവോട്ടിടാനെത്തിയത് സി.പി.എം പ്രവർത്തകനാണെന്നും ഇത് ബൂത്തിലെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും നടപടിയെടുക്കാൻ മടിച്ചെന്ന് യു.ഡി.എഫ് പോളിംഗ് ഏജന്റ് പറയുന്നു.
കള്ളവോട്ടിട്ട് പുറത്തിറങ്ങിയ സി.പി.എം പ്രവർത്തകനെ യു.ഡി.എഫ്, ബി.ജെ.പി പ്രവർത്തകർ തടഞ്ഞ് പൊലീസിനെ ഏൽപ്പിച്ചിരുന്നു. എന്നാൽ ബൂത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പ്രിസൈഡിങ് ഓഫിസർ പരാതി നൽകാൻ തയ്യാറാവാതിരുന്നതാണ് കള്ളവോട്ട് ചെയ്ത ആളെ പൊലീസ് വെറുതെ വിടുകയായിരുന്നു.
കണ്ണൂർ കാസർകോട് ജില്ലകളിലെ മണ്ഡലങ്ങളിൽ വ്യാപകമായി കള്ളവോട്ട് നടന്നുവെന്ന് കാട്ടി കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ ആരോപണം ഉന്നയിച്ചിരുന്നു. ജനപ്രതിനിധികളടക്കമുള്ള സി.പി.എം പ്രവർത്തകർ കള്ളവോട്ട് ഇടുന്ന വീഡിയോ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. എന്നാൽ ഓപ്പൺ വോട്ടിനെ കള്ളവോട്ടായി ചിത്രീകരിക്കുകയാണുണ്ടായതെന്നാണ് സി.പി.എം ആരോപിക്കുന്നത്.