ഇന്ത്യൻ സിനിമയ്‌ക്കു മുന്നിൽ മലയാളത്തിന്റെ അഭിമാനം എക്കാലവും ഉയർത്തിപിടിച്ച നടന്മാരാണ് മോഹൻലാലും തിലകനും. അഭിനയചക്രവർത്തിമാരായ ഇരുവരും ഒന്നിച്ചപ്പോഴെല്ലാം അത്ഭുതങ്ങൾ മാത്രമേ മലയാളസിനിമയിൽ സംഭവിച്ചിട്ടുള്ളൂ. കിരീടം, ചെങ്കോൽ, സ്ഫടികം, പിൻഗാമി, സന്മനസുള്ളവർക്ക് സമാധാനം, കളിപ്പാട്ടം, നരസിംഹം തുടങ്ങിയ സിനിമകളെല്ലാം അവയിൽ ചിലതുമാത്രമാണ്. ഇതിൽ പ്രേക്ഷകനെ അന്നും ഇന്നും വിസ്‌മയിപ്പിക്കുന്ന കഥാപാത്രങ്ങളാണ് കിരീടത്തിലെ സേതുമാധവനും, ഹെഡ്‌കോൺസ്‌റ്റബിൾ അച്ചുതൻ നായരും. ഒരു അച്ഛൻ മകൻ ബന്ധത്തിന്റെ തീവ്രത അതീവ ഹൃദ്യമായാണ് ലോഹിതദാസ് സൃഷ്‌ടിച്ചെടുത്തത്.
എന്നാൽ കിരീടത്തിന്റെ ഷൂട്ടിംഗ് വേളയിലൊന്നും സിനിമ ഇത്രവലിയ ഹിറ്റായി മാറുമെന്ന് കരുതിയിരുന്നില്ലെന്ന് പറയുകയാണ് ചിത്രത്തിന്റെ നിർമ്മാതാക്കളിലൊരാളായ കിരീടം ഉണ്ണി. നല്ല ചിത്രമാകുമെന്ന ഉറപ്പ് മാത്രമാണ് ഉണ്ടായിരുന്നത്. ഒരു സമയത്ത് ചിത്രം മാറ്റിവയ്‌ക്കാമെന്ന തീരുമാനം വരെ എടുത്തിരുന്നതായി കിരീടം ഉണ്ണി പറയുന്നു. 'കാരണം തിലകൻ ചേട്ടന്റെ ഡേറ്റായിരുന്നു പ്രശ്‌നം. അദ്ദേഹം അന്ന് ചാണക്യൻ, വർണം എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. മൂന്നാമത് ഒരു സിനിമ ചെയ്യാൻ പറ്റാത്ത അവസ്ഥ തിലകൻ ചേട്ടനുണ്ടായി. ആ സമയത്തു തന്നെയാണ് ലാലിന്റെ ഡേറ്റും പ്രശ്‌നമായത്.
ചേട്ടന് അഡ്‌ജസ്‌റ്റ് ചെയ്യാൻ പറ്റാത്ത അവസ്ഥയാണെങ്കിൽ സിനിമ നിറുത്തിവയ്‌ക്കാമെന്ന് ഞാൻ തിലകൻ ചേട്ടനോട് പറഞ്ഞു. ലാലിന്റെ ഡേറ്റ് വരുന്ന സമയം ചെയ്യാമെന്നും. എന്നാൽ അദ്ദേഹം അറിയിക്കാമെന്നാണ് മറുപടിനൽകിയത്. പിറ്റേന്ന് തന്റെ സമയത്തിനനുസരിച്ചാണ് ഷൂട്ട് ചെയ്യുന്നതെങ്കിൽ നോക്കാമെന്ന് തിലകൻ ചേട്ടൻ പറഞ്ഞു. കാരണം രണ്ട് സിനിമകൾക്കിടയിൽ സമയം കണ്ടെത്തിയേ അദ്ദേഹത്തിന് വരാൻ കഴിയുമായിരുന്നുള്ളൂ. ഞങ്ങളത് സമ്മതിച്ചു. അങ്ങനെയാണ് പിന്നീട് ലാലിന്റെയും തിലകൻ ചേട്ടന്റെയും സീനുകൾ ചിത്രീകരിച്ചത്'.