ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായ്ക്കുമെതിരെ നൽകിയ പരാതികളിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടിയെടുക്കാത്തതിനെതിരെ കോൺഗ്രസ് സുപ്രീംകോടതിയിൽ ഹർജി നൽകി. പരാതികളിൽ 24 മണിക്കൂറിനകം നടപടിയെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശം നൽകണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. ഇതുസംബന്ധിച്ച് കോൺഗ്രസ് എം.പി സുസ്മിത ദേവാണ് സുപ്രീംകോടതിയെ സമീപിച്ചത്.
നരേന്ദ്രമോദിയുടെയും അമിത് ഷായുടെ വർഗീയതയുണ്ടാക്കുന്ന പ്രസംഗങ്ങൾക്കെതിരെ നടപടി വേണമെന്നാണ് കോൺഗ്രസിൻെറ പ്രധാന ആവശ്യം. ഇതിനൊപ്പം സൈന്യത്തെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്ന ബി.ജെ.പി സമീപനത്തിനെതിരെയും കോൺഗ്രസിന് പരാതിയുണ്ട്. ബി.ജെ.പി നേതൃത്വം തിരഞ്ഞെടുപ്പ് ദിവസം ഗുജറാത്തിൽ റാലി നടത്തി, സെെനികരുടെ പേരിൽ വോട്ട് തേടി, വർഗീയ ധ്രുവീകരണമുണ്ടാക്കുന്ന പ്രസ്താവനകൾ വ്യാപകമായി പ്രചരിപ്പിച്ചു തുടങ്ങിയവയാണ് കോൺഗ്രസ് മോദിക്കും അമിത്ഷായ്ക്കും നേരെ ഉന്നയിക്കുന്നത്.
പ്രതിപക്ഷ പാർട്ടികൾ ഇക്കാര്യത്തിൽ നിരവധി പാരാതികൾ നൽകിയിട്ടും നടപടിയുണ്ടാവാത്ത സാഹചര്യത്തിലാണ് കോൺഗ്രസിന്റെ ഈ നീക്കം. ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കെതിരെ നൽകിയ പരാതി തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്‌സൈറ്റിൽ നിന്ന് നീക്കം ചെയ്യപ്പെട്ട വിഷയവും കോൺഗ്രസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.