election

തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ടുകളെല്ലാം പെട്ടിയിലായെങ്കിലും ബൂത്തുകളിൽ നിന്നും മേൽത്തട്ടിലേക്ക് കിട്ടിയ റിപ്പോർട്ടുകളിൻ മേൽ കൂട്ടിയും കിഴിച്ചും തലപുകയ്ക്കുകയാണ് മുന്നണികൾ. തിരഞ്ഞെടുപ്പ് കഴിഞ്ഞ അടുത്ത ദിവസങ്ങളിൽ തന്നെ ബി.ജെ.പിയും സി.പി.എമ്മും തങ്ങൾക്ക് കിട്ടിയേക്കാവുന്ന സീറ്റുകളെ കുറിച്ചും, തിരഞ്ഞെടുപ്പ് മത്സരത്തെക്കുറിച്ചും വിലയിരുത്തുന്നതിനായി യോഗം ചേർന്നിരുന്നു. കൊച്ചിയിൽ നടന്ന ആർ.എസ്.എസ് യോഗത്തിൽ തിരുവനന്തപുരം പത്തനംതിട്ട മണ്ഡലങ്ങളിൽ ആദ്യമായി താമരവിരിയുമെന്ന ശുഭ വിശ്വാസമാണ് പുലർത്തിയിരുന്നത്. ഇത് കൂടാതെ തൃശൂർ മണ്ഡലവും സ്ഥാനാർത്ഥിയായ സുരേഷ് ഗോപിയുടെ വ്യക്തിപ്രഭാവത്തിൽ പിടിച്ചെടുക്കാനാകുമെന്ന ശുഭപ്രതീക്ഷയും പങ്ക് വച്ചിരുന്നു. അതേ സമയം പാർട്ടി കീഴ് ഘടകങ്ങളിൽ നിന്നും കിട്ടിയ കൃത്യമായ വിശകലനങ്ങളുടെ അടിസ്ഥാനത്തിൽ കേരളത്തിൽ പതിനെട്ട് സീറ്റിൽ ജയിക്കാനാകുമെന്ന ആത്മവിശ്വാസമാണ് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം മാദ്ധ്യമങ്ങളെ കണ്ട കോടിയേരി ബാലകൃഷ്ണൻ പങ്ക്‌വച്ചത്.

അതേസമയം ലോക്സഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് തരംഗം പ്രകടമായിരുന്നുവെന്നും പതിനാറ് മുതൽ പതിനെട്ട് വരെ സീറ്റുകൾ ഇക്കുറി സ്വന്തമാക്കാനാവുമെന്നും കോൺഗ്രസ് കണക്ക് കൂട്ടുന്നു. ഇടത് കോട്ടയായ ആറ്റിങ്ങലും പാലക്കാടും കൈവിട്ടുവെന്ന രീതിയിലാണ് കോൺഗ്രസ് വിലയിരുത്തലുകൾ പുറത്ത് വരുന്നത്. പാലക്കാട് പാർട്ടിക്കുള്ളിലെ അനൈക്യം പ്രചരണത്തിന്റെ ആദ്യഘട്ടത്തിൽ കല്ലുകടിയായെന്നും വിലയിരുത്തലുണ്ട്. അതേ സമയം ആറ്റിങ്ങൽ മണ്ഡലത്തിൽ അടൂർ പ്രകാശ് കരുത്തുറ്റ പ്രകടനമാണ് കാഴ്ചവച്ചതെന്നും, ഇടത് കോട്ടയിൽ വിള്ളൽ വീഴ്ത്തുവാൻ കഴിഞ്ഞുവെന്നും യു.ഡി.എഫ് ക്യാമ്പ് വിലയിരുത്തുമ്പോഴും അവിടെ യു.ഡി.എഫ് ജയപ്രതീക്ഷ വച്ച് പുലർത്തുന്നില്ല.

പത്തനംതിട്ടയിലും, ആലപ്പുഴയിലും തീവ്ര മത്സരം നടന്നു എന്ന് കണക്കുകൂട്ടുന്ന കോൺഗ്രസ് ഈ രണ്ട് സീറ്റുകളിലും ജയ പ്രതീക്ഷ വച്ച്പുലർത്തുന്നുണ്ട്. പത്തനം തിട്ടയിൽ കടുത്ത ത്രികോണമത്സരമാണ് ഉണ്ടായത്. എന്നാൽ ആലപ്പുഴയിൽ ശക്തനായ ഇടത് സ്ഥാനാർത്ഥിയെയാണ് നേരിടേണ്ടി വന്നത്. പ്രചരണത്തിന്റെ ആദ്യ ഘട്ടങ്ങളിൽ ഇടത് സ്ഥാനാർത്ഥിയായ എ.എം.ആരിഫിനായിരുന്നു മുൻതൂക്കമെങ്കിലും ഷാനിമോൾ ഉസ്മാൻ രണ്ടാം ഘട്ടമായപ്പോൾ ഒപ്പത്തിനൊപ്പം എത്തിയെന്നും കണക്ക് കൂട്ടുന്നു. വയനാട് മണ്ഡലത്തിലേക്ക് രാഹുൽ ഗാന്ധിവന്നതിന്റെ നേട്ടം മറ്റ് മണ്ഡലങ്ങളിൽ ഉണ്ടായെന്നും ഇടത് കോട്ടയായ ആലത്തൂരും,കാസർകോടും പിടിച്ചെടുക്കാൻ പാർട്ടിയെ സഹായിക്കുമെന്നും കരുതുന്നു.