കണ്ണൂർ: കണ്ണൂരിൽ കള്ളവോട്ട് നടന്നെന്ന ആരോപണവുമായി വീണ്ടും കോൺഗ്രസ് രംഗത്തെത്തി. കണ്ണൂരിലെ തളിപ്പറമ്പ് മണ്ഡലത്തിൽ കള്ളവോട്ട് നടന്നെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. തളിപ്പറമ്പ് മണ്ഡലത്തിലെ 171-ാം ബൂത്തിൽ കയറി സി.പി.എം പ്രവർത്തകർ ആസൂത്രിത ബഹളം ഉണ്ടാക്കി കള്ളവോട്ട് ചെയ്തുവെന്നും, 172-ാം നമ്പർ ബൂത്തിൽ വിദേശത്തുള്ളവരുടെയടക്കം 25 കള്ളവോട്ടുകൾ ചെയ്തുവെന്നുമാണ് കോൺഗ്രസിന്റെ പോളിംഗ് ഏജന്റ് നാരായണൻ ആരോപിക്കുന്നത്. ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വിട്ടിട്ടുണ്ട്. സംഭവത്തിൽ കളക്ടർമാരുടെ റിപ്പോർട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് കെെമാറും.
പിലാത്തറ എ.യുപി സ്‌കൂളിലെ ബൂത്തുകളിൽ കള്ളവോട്ട് നടന്നുവെന്ന് നേരത്തെ കോൺഗ്രസ് ആരോപിച്ചിരുന്നു. വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് കള്ളവോട്ട് ചെയ്തുവെന്നുമായിരുന്നു ആരോപണം. ചെറുതാഴം പഞ്ചായത്ത് അംഗവും മുൻ അംഗവും കള്ളവോട്ട് ചെയ്തുവെന്നുമായിരുന്നു ദൃശ്യങ്ങളുടെ സഹായത്തോടെ കോൺഗ്രസ് ആരോപിച്ചത്. ഇതേ തുടർന്ന് ജില്ലാ കളക്ടർമാരിൽ നിന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ റിപ്പോർട്ട് തേടിയിരുന്നു.
അതേസമയം, കാസർകോട് മണ്ഡലത്തിൽ 90 ശതമാനം പോളിംഗ് നടന്ന ബൂത്തുകളിൽ റീപോളിംഗ് വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ഇവിടങ്ങളിൽ കേന്ദ്രസേനയെ വിന്യസിക്കണമെന്നും കേന്ദ്ര തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നുമാണ് കോൺഗ്രസിന്റെ ആവശ്യം. അതിനിടെ കള്ളവോട്ട് നടന്നതിനെക്കുറിച്ചുള്ള ജില്ലാ കളക്ടർ മിർ മുഹമ്മദ് അലിയുടെ റിപ്പോർട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ പരിഗണനയ്ക്കു വിടും. റിപ്പർട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ ഇന്ന് കമ്മീഷന് കൈമാറും.