തിരുവനന്തപുരം: രാത്രിയിൽ കാറിൽ സഞ്ചരിച്ച യുവതികളെ ബൈക്കിൽ പിന്തുടർന്ന് ശല്യം ചെയ്ത യുവാവിനെ പൊലീസ് കയ്യോടെ പൊക്കി. കാട്ടായിക്കോണം മേലേവിളയിൽ ശിവപ്രസാദിനെ(35) ആണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം.
രാത്രിയിൽ മൂന്ന് യുവതികൾ പോത്തൻകോട് ഭാഗത്ത് നിന്നും കാറിൽ യാത്രചെയ്യുമ്പോഴായിരുന്നു യുവാവ് ശല്യപ്പെടുത്തിയത്. ഒരു കടയിൽ നിന്ന് സാധനങ്ങൾ വാങ്ങാനായി കാർ നിർത്തിയപ്പോഴാണ് ശിവപ്രസാദ് യുവതികളെ ശ്രദ്ധിച്ചത്. കാറിൽ സ്ത്രീകൾ മാത്രമാണെന്ന് കണ്ട ശിവപ്രസാദ് ഇവരെ പിന്തുടർന്നു. തുടർന്ന് ആളില്ലാത്ത സ്ഥലത്ത് വച്ച് കാറിനെ ഓവർടേക്ക് ചെയ്ത ശേഷം ഇയാൾ കാറിന്റെ ഗ്ലാസിലിടിച്ച് വണ്ടി നിർത്താനും യുവതികളോട് പുറത്തേക്ക് ഇറങ്ങാനും ആക്രോശിക്കുകയായിരുന്നു.
ആക്രമണം ഭയന്ന സ്ത്രീകൾ വാഹനം നിർത്താതെ ഓടിച്ച് പോവുകയും സംഭവം പൊലീസ് കണ്ട്രോൾ റൂമിൽ വിളിച്ച് അറിയിക്കുയും ചെയ്തു. ശ്രീകാര്യത്ത് പൊലീസുണ്ടാകുമെന്നും വാഹനം നിർത്താതെ ശ്രീകാര്യത്തേക്ക് വരാനും പൊലീസ് ഇവരോട് ആവശ്യപ്പെട്ടു. തുടർന്ന് കാറിനെ പിന്തുടർന്നെത്തിയ പ്രതിയെ ചെക്കാലമുക്കിന് സമീപത്ത് വച്ച് പൊലീസ് പിടികൂടുകയായിരുന്നു. സംഭവം നടക്കുമ്പോൾ പ്രതി മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. സ്ത്രീകളുടെ പരാതിയെ തുടർന്ന് കേസെടുത്ത് കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തിരിക്കുകയാണ്.