സോഷ്യൽ മീഡിയയിൽ സി.പി.എമ്മിന്റെ പോർമുഖമായ പോരാളി ഷാജിയെ എതിരാളികൾ പൂട്ടിച്ചു. ആറ് ലക്ഷത്തോളം ലൈക്കുകളുണ്ടായിട്ടും എതിർസംഘം ആസൂത്രിതമായ മാസ് റിപ്പോർട്ടിംഗിലൂടെ പോരാളി ഷാജിയെ പിന്നിൽ നിന്നും കുത്തി വീഴ്ത്തുകയായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിലടക്കം ഇടത് അനുകൂലികൾക്ക് ആവേശമായി ഫേസ്ബുക്കിൽ പ്രവർത്തിച്ചിരുന്ന പേജായിരുന്നു പോരാളി ഷാജിയുടേത്. പോരാളി ഷാജിയെ തളയ്ക്കാൻ സംഘപരിവാർ ശക്തികൾക്ക് കോൺഗ്രസ് അനുയായികൾ കൈയ്യയ്ച്ച് സഹായം ചെയ്തുവെന്നും സൈബറിടത്ത് ആരോപണമുണ്ട്. പാർട്ടിക്കുവേണ്ടി ജീവൻവെടിഞ്ഞ ന്യായീകരണ പേജിന് കൂട്ടമായി ആദരാഞ്ജലി അർപ്പിക്കുന്നവരുടെ തിരക്കാണിപ്പോൾ സൈബറിടത്തുള്ളത്.
എന്നാൽ ഇതൊന്നും കൊണ്ട് തളരില്ലെന്നും ഒരു പോരാളി ഷാജി മരിച്ചാൽ നൂറു ഷാജിമാർ ഉയർത്തെണീക്കുമെന്നാണ് പാർട്ടി അനുഭാവികൾ പറയുന്നത്. ഇത് വെറും വാക്കല്ല പോരാളി ഷാജിയുടെ പേരിൽ നിരവധി പേജുകളാണ് പുതുതായി ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെടുന്നത്.