parotta

പറവൂർ: പൊറോട്ട തൊണ്ടയിൽ കുടുങ്ങി ശ്വാസംമുട്ടി വയോധികൻ മരിച്ചു. പൂതക്കുളം വേപ്പാലംമൂട് സ്വദേശി തുളസീധരൻ പിള്ള(72)യാണ് മരിച്ചത്. ശാരദാമുക്കിന് സമീപം ആക്രിക്കടയുടെ പുറകിൽ കഴിഞ്ഞ ദിവസം രാവിലെയാണ് തുളസീധരൻ പിള്ളയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പിള്ളയുടെ പുരികത്തിന് താഴെ മുറിവുണ്ടായിരുന്നു. കൊലപാതകമാണെന്ന് സംശയം തോന്നിയ നാട്ടുകാർ വിവരം പൊലീസിലറിയിച്ചു.

തുടർന്ന് ചാത്തന്നൂർ എ.സി.പി.യുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി. വിരലടയാള വിദഗ്ധരും ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ഒടുവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റോമോർട്ടത്തിലാണ് പൊറോട്ട തൊണ്ടയിൽ കുരുങ്ങിയാണ് മരിച്ചതെന്ന് കണ്ടെത്തിയത്.