news

1. പട്ടണക്കാട് പിഞ്ചു കുഞ്ഞിനെ കൊന്നത് അല്ല എന്ന് അമ്മയുടെ മൊഴി. കുഞ്ഞ് കരഞ്ഞപ്പോള്‍ പെട്ടെന്ന് ദേഷ്യം വന്ന് വായയും മൂക്കും പൊത്തി പിടിച്ചതാണ്. ശ്വാസം മുട്ടി എന്ന് അറിഞ്ഞില്ല എന്നും അബദ്ധം പറ്റിയത് ആണെന്നും പൊലീസിന് അമ്മയുടെ മൊഴി. എന്നാല്‍ ഈ മൊഴി പൂര്‍ണ്ണമായും വിശ്വസിക്കാന്‍ ആവില്ല എന്ന് പൊലീസ്. സംഭവത്തില്‍ മറ്റാര്‍ക്ക് എങ്കിലും പങ്കുണ്ടോ എന്നകാര്യവും അന്വേഷിക്കും

2. കുട്ടിയെ അമ്മ നിരന്തരം മര്‍ദ്ദിക്കാറുണ്ടായിരുന്നു എന്ന് ഭര്‍തൃമാതാവ് പൊലീസിന് മൊഴി നല്‍കിയിരുന്നു. എന്നാല്‍ കുഞ്ഞിന്റെ ദേഹത്ത് മറ്റ് മുറിവുകള്‍ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ഈ മൊഴിയുടെ മാത്രം അടിസ്ഥാനത്തില്‍ മുന്നോട്ടു പോകാന്‍ ആവില്ല. കുട്ടിയുടെ അമ്മയുടെ അറസ്റ്റ് ഇന്നാണ് രേഖപ്പെടുത്തിയത്. ഇന്നലെ കുഞ്ഞിന്റെ സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം നടത്തിയ ചോദ്യം ചെയ്യലില്‍ അമ്മ കുറ്റം സമ്മതിക്കുക ആയിരുന്നു



3. കാസര്‍കോട് മണ്ഡലത്തില്‍ 90 ശതമാനത്തില്‍ അധികം പോളിംഗ് നടന്ന ബൂത്തുകളില്‍ റീപോളിംഗ് ആവശ്യവുമായി യു.ഡി.എഫ്. കാസര്‍കോട് മണ്ഡലത്തില്‍ ഉള്‍പ്പെട്ട പിലാത്തറയിലെ ബൂത്തുകളില്‍ കള്ളവോട്ട് നടന്നതായി വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്ന സാഹചര്യത്തില്‍ ആണ് റീപോളിംഗ് ആവശ്യവുമായി യു.ഡി.എഫ് രംഗത്ത് എത്തിയത്. കാസര്‍കോട് മണ്ഡലത്തിലെ 126 ബൂത്തുകളില്‍ ആണ് 90 ശതമാനത്തില്‍ അധികം വോട്ടിംഗ് നടന്നത്. അതില്‍ 100 ബൂത്തുകളില്‍ റീ പോളിംഗ് വേണം എന്നാണ് ആവശ്യം

4. റീപോളിംഗ് നടക്കുന്ന ബൂത്തുകളില്‍ കേന്ദ്ര സേനയെ വിന്യസിക്കണം എന്നും പോളിംഗ് ഉദ്യോഗസ്ഥരായി കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരെ നിയോഗിക്കണം എന്നും ആവശ്യം. കാസര്‍കോട് മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പിലാത്തറയിലെ ബൂത്തില്‍ കള്ളവോട്ട് നടന്നതിനെ കുറിച്ച് ജില്ലാ കളക്ടര്‍ മിര്‍ മുഹമ്മദ് അലി സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കള്ളവോട്ട് ആരോപണത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പിയും. പരാതികള്‍ ഗൗരവത്തോടെ കാണുന്നു എന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ. കളക്ടര്‍നമാരുടെ റിപ്പോര്‍ട്ട് കേന്ദ്ര കമ്മിഷന് കൈമാറും എന്നും പ്രതികരണം

5. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് എതിരെ വ്യാജരേഖ ചമച്ചു എന്ന കേസില്‍ കൂടുതല്‍ വൈദികരെ ചോദ്യം ചെയ്യാന്‍ ഒരുങ്ങി അന്വേഷണ സംഘം. ഒരു വിഭാഗം വൈദികര്‍ സിനഡില്‍ അവതരിപ്പിച്ച രേഖകളുടെ ഉറവിടം കണ്ടെത്തുക ആണ് ലക്ഷ്യം. രേഖകള്‍ വ്യാജം എന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ സംഭവത്തിന് പിന്നില്‍ ഗൂഢാലോചന ഉണ്ട് എന്നാണ് കരുതുന്നത് എന്ന് പൊലീസ്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് മാര്‍ ജോര്‍ജ് ആലഞ്ചേരി രഹസ്യ ബാങ്ക് അക്കൗണ്ടിലൂടെ ലക്ഷങ്ങള്‍ ഇടപാട് നടത്തിയതായി ആരോപിക്കുന്ന രേഖകള്‍ വ്യാജം എന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തല്‍

6. രേഖകള്‍ ആദ്യം അപോസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ക്ക് കൈമാറിയ സഭ മുന്‍ വക്താവ് ഫാദര്‍ പോള്‍ തേലക്കാടിനെ അന്വേഷണ സംഘം ചോദ്യം ചെയ്യും. രേഖകള്‍ എവിടെ നിന്നാണ് ഫാദര്‍ പോള്‍ തേലക്കാടിന് ലഭിച്ചത് എന്നത് സംബന്ധിച്ച് അന്വേഷണം നടത്തും. സംഭവവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യേണ്ട പത്ത് വിമത വൈദികരുടെ പട്ടിക അന്വേഷണ സംഘം തയ്യാറാക്കിയിട്ടുണ്ട്. കര്‍ദ്ദിനാള്‍ വിരുദ്ധ നിലപാടുള്ള ചില സംഘടനാ നേതാക്കളില്‍ നിന്നും അന്വേഷണ സംഘം മൊഴി എടുക്കും

7. ഈസ്റ്റര്‍ ദിനത്തില്‍ നടന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ബൂര്‍ഖ ഉള്‍പ്പെടെ മുഖം മറയ്ക്കുന്ന വസ്ത്രങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ശ്രീലങ്ക. നിലവിലെ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന ആണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. അതേസമയം, ശ്രീലങ്കന്‍ സ്‌ഫോടനം ആസൂത്രണം ചെയ്ത നാഷണല്‍ തൗഹീദ് ജമാ അത്ത് നേതാവ് സഹ്രാന്‍ ഹാഷിമിന് കേരളവുമായുള്ള ബന്ധത്തെക്കുറിച്ച് എന്‍.ഐ.എ അന്വേഷണം തുടരുന്നു.

8. കേരളത്തില്‍ നിന്ന് കസ്റ്റഡിയിലെടുത്ത മലയാളികള്‍ക്ക് ശ്രീലങ്കയില്‍ നടന്ന സ്‌ഫോടനവുമായി നേരിട്ട് ബന്ധമില്ലെന്ന് എന്‍.ഐ.എ. എന്നാല്‍ ഇവര്‍ തീവ്ര വര്‍ഗീയത പ്രചരിപ്പിച്ചതായി കണ്ടെത്തല്‍. ശ്രീലങ്കന്‍ സ്‌ഫോടനം ആസൂത്രണം ചെയ്ത സഹ്രാന്‍ ഹാഷിമിന്റെ പ്രസംഗങ്ങളും ആശയങ്ങളും ഇവര്‍ വ്യാപകമായി പ്രചരിപ്പിച്ചുവെന്ന് ദേശീയ അന്വേഷണ ഏജന്‍സി. കസ്റ്റഡിയിലായ പാലക്കാട് സ്വദേശിക്ക് തൗഹീദ് ജമാ അത്തിന്റെ തമിഴ്നാട് ഘടകവുമായും ബന്ധമുണ്ടെന്ന് എന്‍.ഐ.എ അറിയിച്ചു

9. കേസെടുത്ത് അന്വേഷിക്കാന്‍ ആണ് എന്‍.ഐ.എയുടെ നീക്കം. കസ്റ്റഡിയില്‍ ഉള്ളവര്‍ക്ക് സിറിയയിലേക്ക് ആളെ കടത്തിയതില്‍ ബന്ധമുണ്ടോ എന്നും പരിശോധിക്കുന്നു. സഹ്രാന്‍ ഹാഷിം മുന്‍പ് കേരളത്തില്‍ എത്തിയതായി തെളിവുകള്‍ ഒന്നും നിലവില്‍ കിട്ടിയിട്ടില്ല. എങ്കിലും, സഹ്രാന്‍ ഹാഷിം കേരളത്തില്‍ എത്തിയിരുന്നോ എന്നും പരിശോധിക്കും. അതേസമയം, ശ്രീലങ്കയില്‍ സ്‌ഫോടനം നടത്തിയ ചാവേറുകള്‍ കേരളത്തിലും തമിഴ്നാട്ടിലും എത്തിയിരുന്നു എന്ന വിവരത്തെ തുടര്‍ന്ന് കേരളത്തിലും തമിഴ്നാട്ടിലും തിരച്ചില്‍ ശക്തമാക്കി ഇരുന്നു

10. നാലാംഘട്ട തിരഞ്ഞെടുപ്പില്‍ പോളിംഗ് തുടങ്ങി ആദ്യ മണിക്കൂറുകളില്‍ തന്നെ പശ്ചിമബംഗാളില്‍ പല പ്രദേശങ്ങളിലും വ്യാപക അക്രമം. അസന്‍സോള്‍ മണ്ഡലത്തിലെ ഒരു പോളിംഗ് ബൂത്തിന് മുന്നില്‍ ബി.ജെ.പി തൃണമൂല്‍ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. എം.പി ബബുല്‍ സുപ്രിയയുടെ കാര്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ തല്ലി തകര്‍ത്തു എന്ന് ബി.ജെ.പി ആരോപിച്ചു.

11. ജമുയ മണ്ഡലത്തിലെ 222, 226 ബൂത്തുകളില്‍ സുരക്ഷയ്ക്ക് കേന്ദ്രസേനയില്ലെന്ന് ആരോപിച്ച് ഒരു സംഘമാളുകള്‍ വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു. പോളിംഗ് ബൂത്തിന് മുന്നിലെ പ്രതിഷേധം കാരണം ഇവിടെ പോളിംഗ് തടസ്സപ്പെട്ടു. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ടത്തില്‍ ഒമ്പതു സംസ്ഥാനങ്ങളിലെ 72 മണ്ഡലങ്ങളില്‍ ആണ് ്‌വോട്ടെടുപ്പ് പുരോഗമിക്കുന്നത്. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍ , മധ്യപ്രദേശ്, ഒഡിഷ, ബിഹാര്‍ , ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ ആണ് പോളിംഗ് ആരംഭിച്ചത്. 12.79 കോടി വോട്ടര്‍മാരാണ് സമ്മതിദാന അവകാശം നിര്‍വഹിക്കുന്നത്

12. അനന്തനാഗ് ലോക്സഭ മണ്ഡലത്തില്‍ മൂന്നു ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് പൂര്‍ത്തിയാക്കുന്നത്. 543-ല്‍ 302 ലോക്സഭ മണ്ഡലങ്ങളിലെ വോട്ടെടുപ്പ് കഴിഞ്ഞു. ഇനി മൂന്നു ഘട്ടങ്ങളിലായി 168 മണ്ഡലങ്ങളിലെ വോട്ടെടുപ്പാണ് നടക്കാനുള്ളത്. അതേസമയം, മേയ് ആറിന് നടക്കുന്ന അഞ്ചാംഘട്ടത്തില്‍ ഏഴു സംസ്ഥാനങ്ങളിലെ 51 മണ്ഡലങ്ങളിലേക്ക് വോട്ടെടുപ്പ് നടക്കും. ആറ്, ഏഴ് ഘട്ടങ്ങളില്‍ 59 വീതം സീറ്റുകളിലേക്കാണ് മത്സരം. മേയ് 23നാണ് വോട്ടെണ്ണല്‍. മൂന്നു ഘട്ടങ്ങള്‍ക്കു ശേഷം മഹാരാഷ്ട്രയില്‍ ശേഷിച്ച 17 മണ്ഡലങ്ങളില്‍ ഇന്ന് വോട്ടെടുപ്പ് പൂര്‍ത്തിയാകും.