sreedharan-pillai

തിരുവനന്തപുരം: കള്ള വോട്ട് പരാതിയിൽ സമഗ്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പ.എസ്.ശ്രീധരൻപിള്ള രംഗത്തത്തി. കണ്ണൂരിൽ നടന്നത് ഓപ്പൺ വോട്ടാണെന്ന ജയരാജന്റെ വിശദീകരണം കള്ളമാണെന്നും,​ ആറ്റിങ്ങൾ പ്രസംഗം അനാവശ്യ വിവാദമായിരുന്നെന്നും ശ്രീധരൻപിള്ള പറഞ്ഞു.

''സി.പി.എം അവരുടെ നിലപാട് തിരുത്താൻ തയ്യാറാവണം. ഇല്ലെങ്കിൽ തിരഞ്ഞെടുപ്പ് സംവിധാനങ്ങളിലെല്ലാം അതിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങൾ തകർന്നു പോകുന്ന സ്ഥിതിയിലേക്ക് പോകും. അതിനെ ആശങ്കയോടെയാണ് നോക്കി കാണുന്നത്. ബി.ജെ.പി ജനാധിപത്യത്തിൽ വിശ്വസിക്കുന്ന പാർട്ടിയാണ്. പ്രതിപക്ഷം ഉണ്ടാവണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. ബി.ജെ.പിയുടേയും വാജ്‌പേയിയുടേയും കാരുണ്യത്തിലാണ് സി.പി.എം ദേശീയ പാർട്ടിയായി തുടരുന്നത്. അന്ധമായ ബി.ജെ.പി വിരോധമാണ് സി.പി.എമ്മിനെ തകർത്തത്. ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം ഇത്തവണ സി.പി.എം ഏറ്റുവാങ്ങും'' - ശ്രീധരൻപിള്ള പറഞ്ഞു.

വിവാദ പരാമർശങ്ങൾക്ക് ശേഷംതന്നെ ഫോണിൽ വിളിച്ച് മാപ്പ് പറയുകയും പുറത്ത് പോയി വിമർശിക്കുകയും ചെയ്യുന്നതാണ് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്റെ പതിവെന്ന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയുടെ പ്രസ്താവന തള്ളി പി.എസ് ശ്രീധരൻ പിള്ള രംഗത്തെത്തിയിരുന്നു. താൻ ആരോടും മാപ്പ് ചോദിച്ചിട്ടില്ല. ടിക്കാറാം മീണ നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ നുണയാണ് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആറ്റിങ്ങൽ പ്രസംഗം അനാവശ്യ വിവാദമായിരുന്നു എന്നാണ് ശ്രീധരൻപിള്ള പറയുന്നത്. മുസ്ലീം വിരുദ്ധ പരാമർശം നടത്തിയിട്ടില്ലെന്നും
വിവാദ പ്രസംഗത്തിന്റെ പകർപ്പ് ആയിരക്കണക്കിന് ആളുകൾക്ക് പരിശോധിക്കാൻ നൽകുമെന്നും നീതിന്യായ വ്യവസ്ഥയിൽ വിശ്വാസം ഉണ്ടെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ വ്യക്തമാക്കി.