പ്ലാസ്റ്റിക് ബോട്ടിലുകൾക്കൊണ്ടൊരു ദ്വീപ്! എന്താ വിശ്വാസം വരുന്നില്ലേ..? എങ്കിൽ കേട്ടോളൂ, ഒരു പ്ലാസ്റ്റിക് ബോട്ടിൽ ദ്രവിക്കാൻ 450 വർഷംവരെ സമയം എടുക്കാം. ഇത് പരിസ്ഥിതിയെ അങ്ങേയറ്റം ദോഷമാക്കുകയും മലിനീകരണത്തിന് ഇടയാക്കുകയും ചെയ്യുന്നു. എന്നാൽ, ഇംഗ്ലണ്ട് സ്വദേശിയായ റിച്ചാർഡ് ഒരു ദ്വീപ് നിർമ്മിച്ചു, ഒരു ലക്ഷം പ്ലാസ്റ്റിക് ബോട്ടിലുകൾകൊണ്ട്! കൂടാതെ പൊങ്ങിക്കിടക്കാനായി കുറച്ച് പ്ലൈവുഡ്, മരത്തടി എന്നിവയും ഉപയോഗിച്ചു.
മെക്സിക്കൻ ദ്വീപായ ഐല മുജെറേസിനടുത്താണ് റിച്ചാർഡിന്റെ ഈ കൊച്ചു ദ്വീപ്. വലകൾക്കുള്ളിൽ പ്ലാസ്റ്റിക്ക് ബോട്ടിലുകൾ നിറച്ചാണ് റിച്ചാർഡിന്റെ ദ്വീപ് നിർമ്മാണം. ബോട്ടിലുകൾക്കിടയിൽ നട്ട ചെറിയ മരങ്ങളുടെ വേരുകൾ പരസ്പരം പടർന്നു നിൽക്കും. റിച്ചാർഡിന്റെ ദ്വീപിലെ ഒരു വസ്തുക്കളും ചവറ്റുകൊട്ടയിലേക്ക് പോകുന്നില്ല. എല്ലാത്തരം മാലിന്യങ്ങളും തന്റെയീ പദ്ധതി വികസിപ്പിക്കാനാണ് അദ്ദേഹം ഉപയോഗിക്കുന്നത്.
പ്ലാസ്റ്റിക് ബോട്ടിലുകൾ, കുപ്പികൾ, ടിൻ ക്യാനുകൾ എന്നിവയെല്ലാം ബാഗുകൾക്കുള്ളിൽ നിറയ്ക്കുന്നു. ഈ വസ്തുക്കളടങ്ങിയ ബാഗ് ദ്വീപിൽ ഇടുന്നു. അതിന്റെ മുകളിൽ ഒരു വരി മണ്ണിടും. ഇത് ചെടികൾ വളരാൻ സഹായിക്കും. റിച്ചാർഡിന്റെ ദ്വീപിന്റെ ഏറ്റവും വലിയ സവിശേഷത അത് ബോട്ടിന്റെയോ പായ്കപ്പലിന്റെയോ സഹായത്തോടെ എങ്ങോട്ടും നീക്കാമെന്നതാണ്. വളരെ സ്വയം പര്യാപ്തവുമാണ് ഈ ദ്വീപ്. പഴങ്ങൾ, പച്ചക്കറികൾ, ഔഷധങ്ങൾ തുടങ്ങി എന്തും ഇവിടെ വളർത്താം. കൂടാതെ ഈ ദ്വീപിലെ വീട്ടിൽ എസി, ഫ്രിഡ്ജ്, തുടങ്ങി മറ്റെല്ലാ ഗൃഹോപകരണങ്ങളും ഇവിടെ ഉണ്ട്.