തിരുവനന്തപുരം: കണ്ണൂർ, കാസർകോട് ജില്ലകളിൽ ഉൾപ്പെട്ട കാസർകോട് മണ്ഡലത്തിലെ ചില ബൂത്തുകളിൽ കള്ളവോട്ട് നടന്നതായ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ ചില സർക്കാർ ജീവനക്കാരുടേയും പൊലീസുകാരുടേയും പോസ്റ്റൽ വോട്ടിലും സർവീസ് വോട്ടിലും തിരിമറി നടന്നോ എന്ന സംശയവും ഉയർന്നു തുടങ്ങി. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ജീവനക്കാർ പോസ്റ്റൽ വോട്ടും പൊലീസുകാർ സർവീസ് വോട്ടുമാണ് ചെയ്യുന്നത്. സർക്കാർ ഓഫീസുകളിൽ പോസ്റ്റൽ ബാലറ്റ് പലപ്പോഴും കൈകാര്യം ചെയ്യുന്നത് സംഘടനാ നേതാക്കളാണത്രേ. ജീവനക്കാരുടെ പക്കൽ നിന്ന് പോസ്റ്റൽ ബാലറ്റ് വാങ്ങി റിട്ടേണിംഗ് ഓഫീസർമാർക്ക് നൽകുന്നത് നേതാക്കളാണ്. ഇതിനിടയിൽ ബാലറ്റ് തുറന്ന് നോക്കി ആർക്കാണ് വോട്ട് ചെയ്തത് എന്ന് ചില നേതാക്കളെങ്കിലും നോക്കുമെന്ന ആരോപണമാണ് ഉയർന്നിരിക്കുന്നത്. തങ്ങൾക്ക് ഇഷ്ടമില്ലാത്ത സ്ഥാനാർത്ഥിക്കാണ് വോട്ട് ചെയ്തതെങ്കിൽ അത് അസാധുവാക്കാനും ചിലർ തുനിയുമെന്നാണ് ആക്ഷേപം. സംഘടനാ നേതാക്കളെ പേടിച്ച് ചില ജീവനക്കാരാകട്ടെ വോട്ട് ചെയ്യാതെ തന്നെ പോസ്റ്റൽ ബാലറ്റ് കൈമാറും. സ്ഥലമാറ്റവും ഭീഷണിപ്പെടുത്തലുമൊക്കെ ഭയന്ന് ഇതൊന്നും പക്ഷേ, ജീവനക്കാരാരും പുറത്ത് പറയാറില്ല.
പൊലീസുകാരുടെ സർവീസ് വോട്ടിലും ഇങ്ങനെ വ്യാപകമായ തോതിൽ ബാലറ്ര് ശേഖരണം നടക്കുന്നുണ്ട്. സംഘടനാ നേതാക്കളെ ഭയന്ന് പൊലീസുകാർ പലരും ബാലറ്ര് ശേഖരിച്ച കാര്യം പുറത്തു പറയാറില്ല. ആരും പരാതി ഉന്നയിക്കാത്തതിനാൽ അന്വേഷണത്തിലും ഇതൊന്നും കണ്ടെത്താനുമാവില്ല. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുളള സർക്കാർ ജീവനക്കാർക്ക് ആ ലോക് സഭാ മണ്ഡലത്തിൽ തന്നെയാണ് വോട്ടുള്ളതെങ്കിൽ ഇലക്ഷൻ ഡ്യൂട്ടി സർട്ടിഫിക്കറ്ര് ഹാജരാക്കിയാൽ ജോലി ചെയ്യുന്ന ബൂത്തിൽ തന്നെ വോട്ട് ചെയ്യാം. എന്നാൽ തന്റെ വോട്ട് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള മണ്ഡലത്തിലല്ലെങ്കിൽ പോസ്റ്രൽ വോട്ട് ചെയ്യാം. ഇതിനായി അതാത് ജില്ലാ കളക്ടറേറ്രിൽ നിന്ന് പോസ്റ്രൽ ബാലറ്റ് അനുവദിക്കും. പോസ്റ്റൽ ബാലറ്റ്, ഇതിനായുള്ള ഫോറം, രണ്ട് കവറുകൾ എന്നിവയാണ് നൽകുക. ഇതിൽ പോസ്റ്റൽ ബാലറ്റിൽ വോട്ട് ചെയ്ത ശേഷം അത് ഒരു കവറിലാക്കി ഒട്ടിച്ച ശേഷം ഫോറത്തിൽ ഗസ്റ്രഡ‌് ഓഫീസറെ കൊണ്ട് അറ്രസ്റ്ര് ചെയ്യണം. ഇതെല്ലാം കൂടി രണ്ടാമത്തെ കവറിലിട്ടാണ് കൊടുക്കുക. പോസ്റ്റൽ ബാലറ്ര് കിട്ടിയ ഉടൻ ജീവനക്കാരുടെ അടുത്ത് സംഘടനാ നേതാക്കൾ പോസ്റ്രൽ ബാലറ്രിനായി എത്താറുണ്ട്. ഓരോ വകുപ്പിലെയും എസ്റ്രാബ്ലിഷ് മെന്റ് സെക്ഷനിൽ നിന്നാണ് ആർക്കൊക്കെയാണ് തിരഞ്ഞെടുപ്പ് ഡ്യൂട്ടി ഉണ്ടാവുകയെന്ന് തീരുമാനിക്കുക. മിക്കയിടങ്ങളിലും ഭരണകക്ഷി യൂണിയനുകളിൽപെട്ടവരായിരിക്കും എസ്റ്രാബ്ളിഷ് മെന്റ് സീറ്രിലിരിക്കുന്നത്.
എല്ലാ വിവരങ്ങളും ഇവർക്ക് പെട്ടെന്ന് തന്നെ കിട്ടും. പോസ്റ്റൽ ബാലറ്ര് ശേഖരിക്കാനുള്ള സംഘടനാ നേതാക്കളുടെ അഭ്യർത്ഥന ആരും നിരസിക്കാറില്ല. സ്ഥലംമാറ്രം തുടങ്ങിയ പ്രതികാര നടപടികൾ പേടിച്ചാണ് എല്ലാവരും പോസ്റ്രൽ ബാലറ്ര് നൽകുന്നത്. അറ്റസ്റ്രിംഗ് നടപടികളെല്ലാം സംഘടനാ നേതാക്കൾ ചെയ്യും. ഇനി ആരെങ്കിലും തനിക്ക് താല്പര്യമുള്ളയാൾക്ക് വോട്ട് ചെയ്ത ശേഷമാണ് പോസ്റ്രൽ ബാലറ്ര് നൽകിയതെങ്കിൽ അത് പൊളിച്ചു നോക്കിയശേഷമാകും റിട്ടേണിംഗ് ഓഫീസർക്ക് നൽകുക എന്നാണ് ആരോപണം. എല്ലാ രാഷ്ട്രീയ പാർട്ടികളുടെ സർവീസ് സംഘടനകളും ഇങ്ങനെ പോസ്റ്റൽ ബാലറ്ര് ശേഖരിക്കാറുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് അമ്പതോളം പോസ്റ്രൽ ബാലറ്ര് കൈവശം വച്ച പത്തനംതിട്ടയിലെ വാണിജ്യ നികുതി വകുപ്പ് ഓഫീസ് മാനേജറെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ വളഞ്ഞു വച്ചിരുന്നു. എന്നാൽ ജീവനക്കാർ അറ്രസ്റ്ര് ചെയ്യാൻ തന്ന ബാലറ്റ് പേപ്പറുകളായിരുന്നു എന്നായിരുന്നു മാനേജറുടെ വാദം. ഇയാൾ അന്നത്തെ ഭരണകക്ഷിയുടെ ഗസറ്രഡ് ഓഫീസേഴ്സ് സംഘടനയുടെ ഭാരവാഹിയുമായിരുന്നു.