kevin-murder-

കോട്ടയം: കെവിൻ കേസിൽ 28ാം സാക്ഷിയായ അബിൻ പ്രദീപ് കൂറുമാറി. പ്രതികൾക്കെതിരെ രഹസ്യമൊഴി നൽകിയത് പൊലീസിന്റെ ഭീഷണി മൂലമെന്ന് അബിൻ പറഞ്ഞു. കെവിനെ തട്ടിക്കൊണ്ടുപോകുന്നതടക്കം അറിഞ്ഞിരുന്നുവെന്നും അക്രമത്തിനുപയോഗിച്ച വാൾ ഒളിപ്പിക്കുന്നത് കണ്ടതായും നേരത്തെ ഇയാൾ മൊഴി നൽകിയിരുന്നു. ആക്രമത്തിന് ഉപയോഗിച്ച വാൾ ഒളിപ്പിക്കുന്നത് കണ്ടതായും മൊഴി നൽകിയിരുന്നു. ഇക്കാര്യങ്ങളൊക്കെ രഹസ്യമൊഴിയായും നൽകിയിരുന്നു. ഇതാണ് വിചാരണയ്ക്കിടെ ഇപ്പോൾ മാറ്റിപ്പറഞ്ഞിരിക്കുന്നത്.

കെവിൻ കേസിൽ വിചാരണക്കിടെ സാക്ഷിയായ പ്രതികൾക്കെതിരെ കോടതിക്കുള്ളിൽ ഭീഷണി നേരിട്ടിരുന്നു. നിർണായക മൊഴി നൽകിയ അയൽവാസി ലിജോയ്ക്കാണ് പ്രതികളുടെ ഭീഷണി. നാലാം പ്രതിയായ നിയാസിനെ തിരിച്ചറിയുന്ന ഘട്ടത്തിലായിരുന്നു സംഭവം. ലിജോയുടെ രഹസ്യമൊഴി നേരത്തെ പൊലീസ് കോടതിക്ക് മുമ്പാകെ രേഖപ്പെടുത്തിയിരുന്നു. ഈ മൊഴി തന്നെയാണ് വിചാരണ വേളയിലും ലിജോ നൽകിയത്. കേസിലെ 26-ാം സാക്ഷിയാണ് ലിജോ.

അതേസമയം,​ കെവിൻ വധക്കേസിൽ ഒന്നാം പ്രതി ഉൾപ്പടെ പന്ത്രണ്ട് പ്രതികളെ ഗാന്ധിനഗറിലെ തട്ടുകട ജീവനക്കാരൻ ബിജു തിരിച്ചറിഞ്ഞു. പ്രതിയായ ഷാനു ചാക്കോയും,​ മൂന്നാം പ്രതിയും ഒഴികെയുള്ളവർ മേയ് 27 ന് പുലർച്ചെ തട്ടുകടയിൽ ഭക്ഷണം കഴിക്കാനെത്തിയതായാണ് മൊഴി. തട്ടുകടയിൽ ഇതിനിടെ പ്രതികളുമായി തർക്കമുണ്ടായെന്നും, ഷാനു ചാക്കോയാണ് പണം നൽകിയതെന്നും ബിജു കോടതിയിൽ പറഞ്ഞു. കെവിനുമായുള്ള വിവാഹ ശേഷം നീനു താമസിച്ച ഹോസ്റ്റലിന്റെ നടത്തിപ്പുകാരൻ ബെന്നി ജോസഫും കോടതിയിൽ മൊഴി നൽകി. കെവിനും മുഖ്യ സാക്ഷി അനീഷുമാണ് നീനുവിനെ ഹോസ്റ്റലിൽ എത്തിച്ചതെന്നും ഒരു വർഷം താമസ സൗകര്യം വേണമെന്നാണ് പറഞ്ഞതെന്നും സാക്ഷി ബെന്നി വ്യക്തമാക്കി.

2018 മെയ് 27 നാണ് കോട്ടയം സ്വദേശിയായ കെവിനെ കൊല്ലം തെൻമലയ്ക്ക് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. കൊല്ലം സ്വദേശിയായ നീനുവുമായുള്ള പ്രണയ ബന്ധത്തെ എതിർത്ത് പെൺകുട്ടിയുടെ സഹോദരനും സുഹൃത്തുക്കളും ചേർന്ന് തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയെന്നാണ് കേസ്. നീനുവിന്റെ അച്ഛനും സഹോദരനും ഉൾപ്പെടെ കേസിലെ പ്രതികളാണ്. ദളിത് ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ട കെവിൻ നീനുവിനെ വിവാഹം ചെയ്തതിലുള്ള നീനുവിന്റെ ബന്ധുക്കളുടെ ദുരഭിമാനമാണ് കൊലപാതകത്തിന് കാരണമെന്നാണ് കുറ്റപത്രം. കൊലക്കുറ്റം ഉൾപ്പെടെ പത്ത് വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. ജൂൺ ആറ് വരെ തുടർച്ചയായി വിചാരണ നടത്താനാണ് കോടതിയുടെ തീരുമാനം.