സാവോപോളോ: പരിശോധനയ്ക്ക് പൊലീസ് എത്തിയപ്പോൾ മയക്കുമരുന്ന് വിൽപ്പനക്കാരായ ഉടമസ്ഥർക്ക് വിവരം നൽകിയ തത്തയെ പൊലീസ് പിടികൂടി. ബ്രസീലിലെ പിയൗവിയിലാണ് സംഭവം. പൊലീസ് വരുന്നത് കണ്ട് ''പൊലീസ് എത്തി രക്ഷപ്പെട്ടോളൂ'' എന്ന് ഉറക്കെ വിളിച്ചു പറയുകയായിരുന്നു. തത്തയുടെ ഉടമകളായ പുരുഷനെയും കൗമാരക്കാരിയായ പെൺകുട്ടിയെയും പൊലീസ് അറസ്റ്റ് ചെയ്തു. മയക്കുമരുന്നും പിടിച്ചെടുത്തിട്ടുണ്ട്.
ഇൗ വീട്ടിൽ മയക്കുമരുന്ന് കച്ചവടം രഹസ്യമായി നടത്തിയിരുന്നു. ഒറ്റുകാരും പൊലീസും അല്ല എന്ന് ഉറപ്പുള്ളവർക്ക് മാത്രമാണ് മയക്കുമരുന്ന് വിതരണം ചെയ്തിരുന്നത്. സമീപവാസികളായ ചിലർ ഇതിനെപ്പറ്റി പൊലീസിനെ അറിയിച്ചു. വിവരം സത്യമാണെന്ന് ബോധ്യപ്പെട്ടതോടെ വീട്ടിൽ പരിശോധന നടത്താൻ തീരുമാനിച്ചു. ഉടപാടുകാർ വീട്ടിലുള്ളപ്പോൾ പരിശോധന നടത്തി അറസ്റ്റ് ചെയ്യാനായിരുന്നു പൊലീസിന്റെ പദ്ധതി. എന്നാൽ രഹസ്യമായി പൊലീസ് എത്തിയതു കണ്ട തത്ത ഉച്ചത്തിൽ വിളിച്ചുപറഞ്ഞ് വീട്ടിലുള്ളവരെ വിവരമറിയിക്കുകയായിരുന്നു. പന്തികേടാണെന്ന് വ്യക്തമായതോടെ ഇടപാടുകാരൻ രക്ഷപ്പെട്ടു.
പൊലീസെത്തുമ്പോൾ വിവരം നൽകാനായി തത്തയെ വീട്ടുകാർ പ്രത്യേകം പരിശീലിപ്പിച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. തത്തയെ പൊലീസ് സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. മയക്കുമരുന്ന് കടത്തിനെക്കുറിച്ചുളള കൂടുതൽ വിവരങ്ങൾ തത്തയിൽ നിന്ന് ചോർത്തിയെടുക്കാൻ പൊലീസ് പണി പതിനെട്ടും പയറ്റിയെങ്കിലും ഒന്നും വിജയിച്ചില്ല.