കണ്ണൂർ: സംസ്ഥാനത്ത് ബ്ലേഡ് മാഫിയ വീണ്ടും വേരുറപ്പിച്ചിട്ടും നടപടികളില്ലാത്തത് സാധാരണക്കാർക്ക് കുരുക്കാകുന്നു. കൊള്ളപ്പലിശക്കാരിൽ നിന്ന് ഭീഷണി നേരിടുന്നവർക്കായി കേരള പൊലീസ് 2014ൽ നടപ്പിലാക്കിയ 'ഓപ്പറേഷൻ കുബേര'യുടെ പ്രവർത്തനങ്ങൾ നിലച്ചതോടെയാണ് വീണ്ടും ബ്ളേഡ് മാഫിയ തലപൊക്കിയത്. തിരഞ്ഞെടുപ്പ് കാലത്ത് ഇവരുടെ ഭീഷണി വർദ്ധിച്ചതായുള്ള പരാതികൾ സജീവമാണ്. ഓപ്പറേഷൻ കുബേരയിലൂടെ, ആത്മഹത്യയുടെ മുനമ്പിൽ നിന്നാണ് പലരെയും രക്ഷപ്പെടുത്തിയത്. അന്ന് പൊലീസ് പണം കടം നൽകുന്ന ഇടപാട് കേന്ദ്രങ്ങളിൽ 14,200 റെയ്ഡുകളാണ് നടത്തിയത്. 2014ൽ തിരുവനന്തപുരത്ത് ബ്ളേഡ് മാഫിയയുടെ ഭീഷണിയെ തുടർന്ന് ഒരു കുടുംബത്തിലെ അഞ്ചംഗങ്ങൾ ആത്മഹത്യ ചെയ്ത സംഭവത്തെ തുടർന്നാണ് അന്നത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മുൻകൈയെടുത്ത് ഓപ്പറേഷൻ കുബേരയ്ക്ക് തുടക്കം കുറിച്ചത്. അതാത് ജില്ലകളിലെ ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈ.എസ്.പിമാർക്കായിരുന്നു അന്വേഷണ ചുമതല.
ആദ്യ ഘട്ടത്തിൽ കേരളത്തിൽ 3,253 കൊള്ളപ്പലിശ സംബന്ധിച്ചുള്ള കേസുകൾ രജിസ്റ്റർ ചെയ്തതായാണ് ക്രൈം റെക്കാഡ്സ് ബ്യൂറോയുടെ കണക്ക്. ഇതിൽ 2,137 കേസുകളിൽ മാത്രമാണ് പ്രതികളെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞത്. രജിസ്റ്റർ ചെയ്ത കേസുകളുടെ തുടരന്വേഷണം എന്നാൽ, പലവഴിക്ക് അവസാനിക്കുന്ന സ്ഥിതിയായിരുന്നു. എങ്കിലും 2014 -16 വർഷ കാലയളവിൽ ഓപ്പറേഷൻ കുബേര കാരണം ബ്ലേഡ് മാഫിയകളുടെ നിലനിൽപ്പ് പ്രതിസന്ധിയിലായിരുന്നു. പലരും സംസ്ഥാനംവിടുന്ന കാഴ്ചയും മറ്റുതൊഴിൽ തേടുന്ന സ്ഥിതിയുമുണ്ടായി. ഓപ്പറേഷൻ കുബേരയുടെ പരാതി സ്വീകരിക്കുന്ന ഫോൺ നമ്പർ പോലും പിന്നീട് പ്രവർത്തന ക്ഷമമല്ലാതായതിനെതിരെ വലിയ തോതിൽ ആക്ഷേപമുണ്ടായിരുന്നു. തുടർന്ന് ഓപ്പറേഷൻ കുബേര പുനരുജ്ജീവിപ്പിക്കാൻ ശ്രമങ്ങൾ നടന്നെങ്കിലും വിജയിച്ചില്ല.
ചില പൊലീസുകാർ കൊള്ളപ്പലിശക്കാർക്ക് ഒത്താശ ചെയ്യുന്നുവെന്ന പരാതിയുണ്ട്. തമിഴ് വട്ടിപ്പലിശക്കാർ നിലവിൽ ഗ്രാമമെന്നോ നഗരമെന്നോ വ്യത്യാസമില്ലാതെ അടിയന്തര ഘട്ടങ്ങളിൽ ആവശ്യക്കാർക്ക് പ്രതിമാസം 10 ശതമാനം മുതൽ 20 ശതമാനം വരെ പലിശ ഈടാക്കി പണം നൽകുന്ന തമിഴ് വട്ടിപ്പലിശക്കാർ മലബാർ ജില്ലകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്നാണ് വിവരം. നോട്ട് നിരോധനത്തെ തുടർന്നാണ് ബ്ളേഡ് മാഫിയയ്ക്ക് വീണ്ടും ശക്തിയാർജ്ജിക്കാനുള്ള അവസരം ലഭിച്ചതെന്നും പറയുന്നു. ബിസിനസ് രംഗത്ത് വലിയ തകർച്ചയാണ് നോട്ട് നിരോധനം ഉണ്ടാക്കിയത്. ഈ അവസരം ബ്ളേഡ് മാഫിയ ഫലപ്രദമായി ഉപയോഗിക്കുകയായിരുന്നു. പ്രതിസന്ധികളിൽ നിന്ന് കരകയറാൻ പണം പലിശയ്ക്ക് വാങ്ങിയവർ വലിയ കടക്കെണിയിലേക്ക് നീങ്ങുന്നതായാണ് ലഭിക്കുന്ന വിവരങ്ങൾ. 2014ലെ ഓപ്പറേഷൻ കുബേര നടപ്പിലാക്കിയതിലും വലിയ പോരായ്മകളുണ്ടായിരുന്നു. രണ്ടാഴ്ച കൂടുമ്പോൾ അദാലത്തുകൾ സംഘടിപ്പിക്കുമെന്നും പണമിടപാട് സംബന്ധിച്ചുള്ള പരാതികൾ സ്വീകരിക്കാൻ പ്രത്യേകം പെട്ടികൾ പൊലീസ് സ്റ്റേഷനുകളിൽ സ്ഥാപിക്കുമെന്നും അറിയിപ്പുണ്ടായിരുന്നു. എന്നാൽ ഇതൊന്നും നടപ്പിൽവരുത്താനായില്ല.