ന്യൂഡൽഹി: കേന്ദ്രമന്ത്രി മേനകാ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെ താക്കീത്. തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ നടത്തിയ പരാമർശങ്ങളെ തുടർന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ മേനകാ ഗാന്ധിക്ക് താക്കീത് നൽകിയത്. തനിക്കു വോട്ട് ചെയ്തില്ലെങ്കിൽ മുസ്ലിംങ്ങൾക്കു തൊഴിൽ നൽകാനാവില്ലെന്നാണ് പ്രചാരണ മേനകാ ഗാന്ധി പറഞ്ഞത്. മുസ്ലിം ഭൂരിപക്ഷ ഗ്രാമമായ തുറാബിൽ തിരഞ്ഞെടുപ്പു റാലിയിൽ സംസാരിക്കവെയായിരുന്നു മേനകയുടെ വിവാദ പരാമർശം.
ഇത്തരം പരാമർശങ്ങൾ ആവർത്തിക്കരുതെന്ന മുന്നറിയിപ്പും മേനകയ്ക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയിട്ടുണ്ട്. ഈ പരാമർശം നടത്തിയതിന് നേരത്തേ സുൽത്താൻപൂർ കളക്ടർ മേനകയ്ക്ക് നോട്ടീസ് നൽകിയിരുന്നു. ഇതിനുള്ള മറുപടി ലഭിച്ച ശേഷമാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി. മേനകയെ തിരഞ്ഞെടുത്തില്ലെങ്കിൽ മണ്ഡലത്തിലെ മുസ്ലീംങ്ങൾക്ക് ജോലി നൽകില്ലെന്ന ഒരു പ്രാദേശിക നേതാവിന്റെ പ്രസംഗത്തിനു പിന്നാലെയാണ് മേനകയുടെ വിവാദ പരാമർശം വന്നത്. എന്നാൽ, തന്റെ പ്രസംഗം മാദ്ധ്യമങ്ങൾ വളച്ചൊടിച്ചു എന്നായിരുന്നു മേനകയുടെ നിലപാട്.
കേന്ദ്രമന്ത്രി മേനകാ ഗാന്ധിക്കും സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാനുമെതിരെ തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടിയെടുത്തിയിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ നിന്ന് ഇരുവർക്കും നേരത്തേ വിലക്കേർപ്പെടുത്തിയിരുന്നു. മേനകാ ഗാന്ധിക്ക് 48 മണിക്കൂറും, അസം ഖാന് 72 മണിക്കൂറുമാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.